തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻവർദ്ധനവ്. ഒരു പവൻ സ്വർണത്തിന്റെ വില 960 രൂപ കൂടി 61,840 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണിത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7,730 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 8,433 രൂപയുമായി. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില വർദ്ധിക്കുന്നത്.
ആഗോള വ്യാപാര യുദ്ധം അനിശ്ചിതത്വം കൂട്ടുമെന്ന ആശങ്കയിൽ വൻകിട ഫണ്ടുകളും വിവിധ കേന്ദ്ര ബാങ്കുകളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് മൂവായിരം ഡോളർ കവിഞ്ഞ് മുന്നേറിയേക്കും. ഇതോടെ ഇന്ത്യയിൽ പവൻ വില 65,000 കടന്നേക്കും. ഒരു വർഷത്തിനിടെ സ്വർണവിലയിൽ 32 ശതമാനം വർദ്ധനവാണുണ്ടായത്. ജനുവരി ഒന്നിന് പവൻ വില 57,200 രൂപയായിരുന്നു. കേവലം മൂന്നാഴ്ചയ്ക്കിടെ പവൻ വിലയിൽ 3,560 രൂപയുടെ വർദ്ധനവാണുണ്ടായത്.
ഇന്നത്തെ വെളളിവില
സംസ്ഥാനത്തെ സ്വർണവില കൂടിയതിനോടൊപ്പം വെളളിവിലയും ഉയർന്നിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 107 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 107,000 രൂപയാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെളളിയുടെ വില 106 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 106,000 രൂപയുമായിരുന്നു.