സ്വർണക്കൊള്ള ആരോപണം: എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

തിരുവനന്തപുരം: ശബരില സ്വർണക്കൊള്ള ആരോപണത്തിൽ എ പത്മകുമാറിനെതിരെ ഒടുവിൽ നടപടിക്കൊരുങ്ങി സിപിഎം. നടപടി ചർച്ച ചെയ്യുന്നതിനായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. 15ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി ചേരും. അന്ന് നടപടിയെടുക്കാനാണ് സാധ്യത.പത്മകുമാറിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിർത്താൻ മാത്രമായിരുന്നു ഇതുവരെയുള്ള നിർദേശം.
കഴിഞ്ഞ ആഴ്ചയാണ് എ പത്മകുമാർ പാർട്ടി അംഗത്വം പുതുക്കിയത്. സ്വർണ്ണക്കൊള്ള ആരോപണം തെരഞ്ഞെടുപ്പ് റിവ്യു റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വം മയപ്പെടുത്തിയിരുന്നു. എന്നാൽ, നടപടി പരാമർശിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റി ശഠിച്ചു. ഇതിന് പിന്നാലെയാണ് സിപിഎം തിരുത്തിന് തയാറായത്. എ പത്മകുമാറിനെതിരെ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി എ പത്മകുമാറിനെ ചുമതലപ്പടുത്തുകയും ചെയ്തു.
സംസ്ഥാന സമിതിയുടെ ആവശ്യമനുസരിച്ച് സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ മൂന്ന് പ്രധാന തിരുത്തുകളാണ് നടത്തിയിരിക്കുന്നത്. എ പദ്മകുമാറിനെതിരെയുള്ള നടപടി, പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ വീഴ്ച ഏറ്റു പറഞ്ഞു, വെള്ളാപ്പള്ളിക്കെതിരെ പ്രസ്താവന നടത്തേണ്ടതായിരുന്നു എന്ന് സമ്മതിച്ചു തുടങ്ങിയവയാണ് പ്രധാന തിരുത്തുകൾ. തളിപ്പറമ്പ് സ്ഥാനാർത്ഥിത്വത്തിൽ സംസ്ഥാന സമിതിയിൽ കടുത്ത വിമർശനമാണ് ഉയർന്നത്. മണ്ഡലം കമ്മിറ്റിയിലെ 73 പേരിൽ 70 പേരും പികെ ശ്യാമളക്ക് എതിരായിരുന്നു. എന്നിട്ടും സ്ഥാനാർത്ഥിയായത് ഞെട്ടിച്ചെന്ന് കാസർകോടുനിന്നുള്ള അംഗം സംസ്ഥാന സമിതിയിൽ പറഞ്ഞു.
അതേസമയം, വീഴ്ചകൾ ഏറ്റുപറയുമ്പോഴും വ്യക്തിഗത വിമർശനങ്ങൾ റിവ്യു റിപ്പോർട്ടിലില്ല. വീഴ്ചകൾ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വാക്കാൽ ഏറ്റുപറയുകയാണ് ചെയ്യുന്നത്. ശൈലീ വിമർശനം ഉൾക്കൊള്ളുന്നുവെന്നും സ്ഥാനാർത്ഥി നിർണ്ണയം പിഴച്ചപ്പോൾ ഇടപെടാനായില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ജില്ലാ കമ്മിറ്റിക്ക് സംഭവിച്ച വലിയ വീഴ്ച സംസ്ഥാന നേതൃത്വം തിരുത്തിയില്ലെന്നും വ്യക്തമാക്കി. തോൽവി അവലോകന റിപ്പേർട്ട് ജില്ലാകമ്മിറ്റികളിൽ അവതരിപ്പിച്ച് തുടങ്ങി.