പ്രതിപക്ഷം ഭരിക്കുന്ന മറ്റെല്ലാ സംസ്ഥാനത്തും നേതാക്കളുടെ വീടുകളില്‍ കയറിയിറങ്ങുന്ന കേന്ദ്ര ഏജന്‍സികള്‍ക്കു കേരളത്തില്‍ മൗനമാണെന്നും കേരളം ഭരിക്കുന്നതു ബിജെപിയുടെ ബി ടീമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും വലിയ അഴിമതി സര്‍ക്കാരെന്നു പിണറായി സര്‍ക്കാരിനെ ചരിത്രം അടയാളപ്പെടുത്തും. എല്ലാ അഴിമതിയുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസാണെന്നു സതീശന്‍ പറഞ്ഞു.
കേരളത്തില്‍ ഏറ്റവുമധികം ജപ്തി നടന്ന വര്‍ഷമാണു കടന്നുപോയത്. സാധാരണക്കാരന്റെ കണ്ണീരു കാണാന്‍ കഴിയാത്തവരായി ഭരണകര്‍ത്താക്കള്‍ മാറി. കര്‍ഷകരുടെ ഒരു പ്രശ്‌നവും പരിഹരിക്കുന്നില്ല. ആളെപ്പറ്റിക്കുന്ന പ്രഖ്യാപനങ്ങള്‍ മാത്രമാണു രണ്ടുവര്‍ഷവും സര്‍ക്കാര്‍ നടത്തിയത്. ലഹരിമാഫിയയുടെ പ്രധാന കച്ചവടകേന്ദ്രമായി കേരളത്തെ മാറ്റി. ലഹരിമരുന്നു മാഫിയയുടെ രക്ഷാകര്‍തൃത്വം ഡിവൈഎഫ്‌ഐ ഏറ്റെടുത്തിരിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.
മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയുമെന്നതാണു കേരളത്തിലെ സ്ഥിതിയെന്ന് അധ്യക്ഷത വഹിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു. ജീവനു വേണ്ടി കരഞ്ഞ ഒരു പെണ്‍കുട്ടിയെ അക്രമിക്കു മുന്‍പില്‍ ഇട്ടുകൊടുത്തിട്ടു വാതിലടച്ചിരിക്കുന്ന ഭീരുക്കളായി കേരള പൊലീസിനെ പിണറായി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
ആരോപണം വരുമ്പോള്‍ നിജസ്ഥിതി ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നു മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും കൃത്യമായി അരി കൊടുക്കാന്‍ പോലും കഴിയാത്തവര്‍ ആര്‍ക്കുവേണ്ടിയാണു ഭരിക്കുന്നതെന്നു ജനം ചോദിച്ചുതുടങ്ങിയെന്നു മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. ജനങ്ങളുടെ രണ്ടു വര്‍ഷത്തെ ദുരിതജീവതമാണു സര്‍ക്കാര്‍ ആഘോഷിക്കുന്നതെന്നു യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ പറഞ്ഞു.