മാനന്തവാടി: കാട്ടാന ആക്രമണത്തിൽ മരിച്ച പടമലയിലെ അജീഷിന്റെ വീട്ടിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അജീഷിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളച്ചാലിൽ വി പി പോളിന്റെയും കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ശരത്തിന്റെയും വീടുകൾ ഗവർണർ സന്ദർശിക്കും. തുടർന്ന് അദ്ദേഹം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരി പ്രജീഷിന്റെ വീടും സന്ദർശിക്കുമെന്നാണ് വിവരം.
മാനന്തവാടി ബിഷപ്സ് ഹൗസിൽ മതമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയശേഷം വെെകിട്ടോടെ അദ്ദേഹം വിമാനമാർഗം തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങും. ഇന്നലെ രാത്രിയാണ് ഗവർണർ വയനാട്ടിലെത്തിയത്.വയനാട് സന്ദർശനത്തിന്റെ ഭാഗമായി ഇന്നലെ കണ്ണൂരിലെത്തിയ ഗവർണർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു.
മട്ടന്നൂരിൽ വിമാനമിറങ്ങി വയനാട്ടിലേക്ക് തിരിക്കുമ്പോഴായിരുന്നു സംഭവം. കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.തുടർന്ന് ഇവരെ ഡിവൈഎഫ്ഐ പ്രവർത്തകർ വാഹനം തടഞ്ഞ് ഇറക്കിവിട്ടത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ കൈയാങ്കളിയുണ്ടായി. പ്രതിഷേധത്തിനിടെ ജില്ലാ സെക്രട്ടറിയെ പൊലീസ് മർദ്ദിച്ചുവെന്നും എസ്എഫ്ഐ ആരോപിച്ചു.