തിരുവനന്തപുരം: മണ്ണെണ്ണ വിലവര്‍ധനയിലും കേരളത്തിന്റെ മണ്ണെണ്ണ വിഹിതം 40 ശതമാനത്തോളം വെട്ടിക്കുറച്ച നടപടിയിലും കേന്ദ്രത്തെ പ്രതിഷേധമറിയിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്.അനില്‍. മത്സ്യബന്ധന മേഖലയെ ഉള്‍പ്പെടെ ബാധിക്കുന്ന ക്രൂരമായ നടപടിയാണ് കേന്ദ്രത്തിന്റേത്. വില കൂട്ടിക്കൊണ്ടിരുന്നാല്‍ സംസ്ഥാനത്തിന് സബ്സിഡി അതിനനുസരിച്ചുനല്‍കാന്‍ പരിമിതിയുണ്ട്. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കൂട്ടണമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രിയെയും പെട്രോളിയം മന്ത്രിയെയും ഈ മാസം ആറിന് നേരില്‍ കണ്ട് ആവശ്യപ്പെടുമെന്ന് ജി.ആര്. അനില്‍ പറഞ്ഞു. റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന മണ്ണെണ്ണക്ക് 28 രൂപ വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന. നിലവില്‍ ലിറ്ററിന് 53 രൂപയാണ്. ഇത് 81 ആക്കുമെന്നാണ് വിവരം.ഫെബ്രുവരിയില്‍ വിലയില്‍ ലിറ്ററിന് ആറ് രൂപ വര്‍ധന എണ്ണക്കമ്ബനികള്‍ വരുത്തിയെങ്കിലും കേരളത്തില്‍ വില വര്‍ധിപ്പിച്ചിരുന്നില്ല.മണ്ണെണ്ണയുടെ വില അനുദിനം വര്‍ധിപ്പിക്കുന്നത് സാധാരണക്കാരോടും പരമ്ബരാഗത മത്സ്യത്തൊഴിലാളികളോടുമുള്ള വെല്ലുവിളിയാണെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന് പറഞ്ഞു. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന 32000ത്തോളം വരുന്ന പരമ്ബരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് പ്രതിവര്‍ഷം ഏകദേശം രണ്ടു ലക്ഷം കിലോലിറ്റര്‍ മണ്ണെണ്ണയാണ് ആവശ്യമായി വരിക.