തിരുവനന്തപുരം: ഹലാൽ ഭക്ഷണ വിവാദം സൃഷ്‌ടിച്ചത് കെ. സുരേന്ദ്രൻ ആയിരുന്നെന്ന് മുൻ ബിജെപി പ്രവർത്തകനും നിലവിലെ കോൺഗ്രസ് നേതാവുമായ സന്ദീപ് വാര്യർ. അതിന് വിരുദ്ധമായാണ് താൻ ഫേസ്ബുക്കിൽ പോസ്‌റ്റിട്ടത്. എന്നാൽ സുരേന്ദ്രൻ വിളിച്ച് നിർബന്ധിപ്പിച്ച് ആ പോസ്‌റ്റ് ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നെന്ന് സന്ദീപ് വാര്യർ പറഞ്ഞു.
ഈ സമൂഹത്തിൽ പരമ വിദ്വേഷം കടത്തി വിട്ട വിഷയമാണ് ഹലാൽ വിവാദം. മുസ്ളിങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളിൽ കൊടുക്കുന്ന ഭക്ഷണത്തിൽ അവർ തുപ്പിയിട്ടാണ് കൊടുക്കുന്നതെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. ഉത്തരവാദിത്തപ്പെട്ട ഒരു പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റാണ് പരസ്യമായി പറഞ്ഞത്. അതിന് എതിരായാണ് ഞാൻ അന്ന് ഫേസ്ബുക്ക് പോസ്‌റ്റിട്ടത്. എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.ഞാൻ ജനിച്ചത് മലപ്പുറം ജില്ലയിലാണ്. എനിക്ക് ധാരാളം മുസ്ളിം സുഹൃത്തുക്കളുണ്ട്. അവരുടെയൊക്കെ വീട്ടിൽ പോയി ഭക്ഷണം കഴിക്കുന്ന ആളാണ് ഞാൻ.
സുരേന്ദ്രനും അങ്ങനെയുള്ള പ്രദേശത്ത് നിന്നും വന്നയാളാണ്. വൻകിട മുസ്ളീം മുതലാളിമാരുടെ വീട്ടിൽ ഗസ്‌റ്റ് ആയി പോകാറുമുണ്ട്. അവിടൊക്കെ തുപ്പിയ ഭക്ഷണമാണോ കിട്ടുന്നത്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെ, ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പദവിയിലിരിക്കുന്ന ഒരാൾ നടത്താൻ പാടില്ലാത്ത പ്രസ്താവനയാണ് സുരേന്ദ്രൻ നടത്തിയത്.അതിനെ പ്രതിരോധിച്ചുകൊണ്ട് താൻ എഴുതിയ ഫേസ്ബുക്ക് പോസ്‌റ്റ് സുരേന്ദ്രൻ വിളിച്ച് നിർബന്ധിപ്പിച്ച് ഡിലീറ്റ് ചെയ്യിച്ചു. എന്നിട്ട് മറ്റൊരു പോസ്‌റ്റ് ഇടീച്ചു. മറ്റൊരു മാർഗവുമില്ലാതെ ചെയ്യേണ്ടി വന്നുവെന്നും സന്ദീപ് പറയുന്നു.