ഹിന്ദു പിന്തുടർച്ചാവകാശം, നിർണായക ഉത്തരവുമായി ഹൈക്കോടതി; കുടുംബങ്ങളിലെ പൂർവികസ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശം

ഹിന്ദു പിന്തുടർച്ചാവകാശത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ഹിന്ദു കുടുംബങ്ങളിലെ പൂർവികസ്വത്തിൽ കേരളത്തിലും പെൺമക്കൾക്ക് തുല്യാവകാശം ഉറപ്പിച്ച് സിംഗിൾ ബെഞ്ച്. ജസ്റ്റിസ് ഈശ്വരനാണ് സുപ്രധാന ഉത്തരവിറക്കിയത്. 2004 ഡിസംബർ 20 ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ട്. 1975ലെ കേരള കൂട്ടുകുടുംബ വ്യവസ്ഥ നിർത്തലാക്കൽ നിയമം നിലനിൽക്കില്ല എന്ന് കോടതി പറഞ്ഞു.
കോഴിക്കോട് സ്വദേശികളായ സഹോദരിമാർ നൽകിയ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ സുപ്രധാന വിധി വന്നിരിക്കുന്നത്. ഇവരുടെ പിതാവിന്റെ സ്വത്ത് ഭാഗിക്കലുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. പിതാവിന്റെ സ്വത്തിൽ അവകാശമുണ്ടെന്ന ആവശ്യമായി കീഴ്ക്കോടതിയെ ഇവർ സമീപിച്ചിരുന്നുവെങ്കിലും കേസ് തള്ളി. ഇങ്ങനെ ഹൈക്കോടതിയിലെത്തിയതോടെ വിവിധ നിയമങ്ങളിലെ പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടുകയായിരുന്നു.