ഷോക്കേറ്റ് ബി. അശോകന്‍ :
വൈദ്യുതി ബോര്‍ഡ് ചെയര്‍മാന് തിരിച്ചടിയായി ഹൈക്കോടതി വിധി

തിരുവനന്തപുരം : വൈദ്യതി ബോഡ് മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്ത തിരുവനന്തപുരം ഇലക്‌ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ജാസ്മിന്‍ ബാനുവിന് ഹൈക്കോടതിയില്‍നിന്ന് അനുകൂലവിധി. മേലധികാരികളുടെ അനുമതിയോടെ നിയമാനുസൃതം അവധിയെടുത്തതിനാല്‍ സസ്പെന്‍ഷന്‍ അന്യായമാണെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.മേലധികാരികളായ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയറുടെയും ചീഫ് എന്‍ജിനിയറുടെയും അനുവാദത്തോടെ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ നിര്‍ദേശിച്ച ഓഫീസര്‍ക്ക് ചുമതല കൈമാറിയാണ് ജാസ്മിന്‍ അവധിയെടുത്തത്. ചുമതല ഏറ്റെടുത്ത ഉദ്യോഗസ്ഥന്‍ ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കുകയും ഡിവിഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ സസ്പെന്‍ഷന്‍ അന്യായമാണ്. മതിയായ കാരണങ്ങളില്ലാതെ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യാനാകില്ല. സസ്പെന്‍ഷന്‍ അന്യായമാണെന്നും നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഹര്‍ജിക്കാരി കെ എസ്‌ ഇ ബി സി എം ഡി ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയുടെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഈ അപേക്ഷയില്‍ അഞ്ച് ദിവസത്തിനകം തീരുമാനമെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.
അനധികൃതമായി അവധിയെടുത്തെന്ന് ആരോപിച്ചാണ് ജാസ്മിനെ ദേശീയ പണിമുടക്കിന്റെ ഒന്നാം ദിനം സസ്പെന്‍ഡ് ചെയ്തത്. ചട്ടപ്രകാരമായിരുന്നു അവധിയെന്നുള്ള റിപ്പോര്‍ട്ട് അവഗണിച്ചായിരുന്നു സസ്പെന്‍ഷന്‍. സസ്പെന്‍ഷനെതിരെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജാസ്മിന്റെ സസ്പെന്‍ഷന് പിന്നാലെ ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ്കുമാറിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു. മാനേജ്മെന്റിന്റെ ഏകാധിപത്യ നടപടിക്കെതിരെ അസോസിയേഷന്‍ 11 മുതല്‍ അനശ്ചിതകാല സത്യഗ്രഹം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് സിഎംഡിയുടെ നീക്കത്തിന് തിരിച്ചടിയായി ഹൈക്കോടതി വിധി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *