ആലപ്പുഴ∙ പൊലീസിലെ പൊട്ടിത്തെറിക്കു പിന്നാലെ, മുഖ്യമന്ത്രി നേരിട്ടു കൈകാര്യം ചെയ്യുന്ന ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് (ഐ ആൻഡ് പിആർഡി) വകുപ്പിൽ അദ്ദേഹത്തിന്റെ ഓഫിസ് ഉൾപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു പ്രധാനി, ഈ ഓഫിസിൽ പ്രവർത്തിക്കുന്ന ഒരു പിആർഡി ഉദ്യോഗസ്ഥൻ, പിആർഡിയിലെ ഒരു ഡപ്യൂട്ടി ഡയറക്ടർ– ഈ മൂന്നംഗ സംഘത്തിനെതിരെ എന്റെ കേരളം, നവകേരള സദസ്സ് പദ്ധതികളുമായി ബന്ധപ്പെട്ടാണു ക്രമക്കേട് ആരോപണം ഉയർന്നിരിക്കുന്നത്.
ക്രമക്കേട് കണ്ടെത്തിയ പിആർഡിയിലെ ഉന്നത ഉദ്യോഗസ്ഥനെ മാറ്റാനുള്ള ഇവരുടെ നീക്കം മുഖ്യമന്ത്രി തന്നെ ഇടപെട്ടു തടഞ്ഞെന്നാണു വിവരം. ചില അഴിച്ചുപണികൾ ഇതിനു തുടർച്ചയായി ഉണ്ടാകുമെന്നും സൂചനയുണ്ട്. സർക്കാരിന്റെ വാർഷികാഘോഷ പരിപാടിയായ എന്റെ കേരളം, നവകേരള സദസ്സ് എന്നിവ സർക്കാരിന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വഴി ലൈവ് സ്ട്രീമിങ് ചെയ്യാനുള്ള ചുമതല മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ മകന്റെ സ്ഥാപനത്തിന് അടങ്കൽ നൽകിയതിലെ ക്രമക്കേടാണ് ഇതിൽ പ്രധാനം.
എന്റെ കേരളം ലൈവ് സ്ട്രീമിങ് ചുമതല പ്രമുഖ സഹകരണ പ്രസ്ഥാനത്തിന്റെ സഹസ്ഥാപനം വഴിയാണു നൽകിയത്. ക്വട്ടേഷനോ ടെൻഡറോ ഇല്ലാതെയാണു നവകേരള സദസ്സിന്റെ എല്ലാ ജില്ലകളിലെയും സ്ട്രീമിങ് നൽകിയത്. ഈ പരിപാടികളുമായി ബന്ധപ്പെട്ട ചില ബില്ലുകൾ പിആർഡിയിലെ ഉന്നതൻ പാസാക്കാതെ തടഞ്ഞുവച്ചു. ക്രമക്കേട് ബോധ്യപ്പെട്ടതിനെത്തുടർന്നായിരുന്നു ഇത്. എന്റെ കേരളം, കേരളീയം പരിപാടികളുടെ തിരുവനന്തപുരത്തെ നടത്തിപ്പിലും ക്രമക്കേടുണ്ടെന്ന സംശയത്തിൽ ആ തുകയും തടഞ്ഞുവച്ചു. തുടർന്നാണ് ഈ വ്യക്തിയെ മാറ്റാൻ നീക്കമുണ്ടായതും മുഖ്യമന്ത്രി തടഞ്ഞതും.