തിരുവനന്തപുരം: കേരളീയത്തിൻ്റെ സ്പോൺസർമാരിൽ കരിമണൽ കർത്തായും ഇടം പിടിച്ചെന്ന് സൂചന. വീണ വിജയന് മാസപ്പടി നൽകിയ കർത്തയുടെ സി.എം.ആർ.എൽ കമ്പനി കേരളീയത്തിനും സ്പോൺസർഷിപ്പ് നൽകി എന്ന സൂചനകളാണ് പുറത്ത് വരുന്നത്.
കേരളീയം പരിപാടിയിൽ വീണ വിജയൻ നിറ സാന്നിദ്ധ്യമായിരുന്നു. സ്പോൺസർമാരുടെ വിവരങ്ങൾ സർക്കാർ പുറത്ത് വിടാത്തത് മാസപ്പടി വിവാദം പുറത്ത് വന്നതിൻ്റെ പശ്ചാത്തലത്തിലാണ്. കേരളീയം പരിപാടി കഴിഞ്ഞ് രണ്ടാഴ്ചയ്ക്കക്കം സ്പോൺസർമാരുടെ വിവരങ്ങൾ പുറത്ത് വിടുമെന്നായിരുന്നു മന്ത്രി വി.ശിവൻകുട്ടിയുടെ പ്രഖ്യാപനം.
സ്പോൺസർമാരുടെ വിവരങ്ങൾ തേടി നിരവധി വിവരവകാശ ചോദ്യങ്ങൾ ചീഫ് സെക്രട്ടറിക്ക് ലഭിച്ചിരുന്നു. സ്പോൺസർമാർ ആരാണ് എന്നറിയില്ല എന്ന മറുപടിയാണ് ചീഫ് സെക്രട്ടറിയിൽ നിന്നുണ്ടായത്.
പല വകുപ്പുകളിലേക്കും ചീഫ് സെക്രട്ടറി വിവരവകാശ ചോദ്യം തട്ടി. എല്ലാ വകുപ്പുകൾക്കും ഒറ്റ മറുപടി മാത്രം “സ്പോൺസർമാർ ആരാണെന്ന് അറിയില്ല സ്പോൺസർഷിപ്പിൻ്റെ ചുക്കാൻ പിടിച്ച നികുതി വകുപ്പ് ഉദ്യോഗസ്ഥൻ എബ്രഹാം റെന്നിനെ മുഖ്യമന്ത്രി കേരളീയം വേദിയിൽ ആദരിച്ചിരുന്നു.
സ്പോൺസർമാർ ആരാണെന്ന് അറിയില്ല എന്നായിരുന്നു വിവരവകാശ ചോദ്യത്തിന് എബ്രഹാം റെൻ നൽകിയ മറുപടിയും. 27 കോടിയായിരുന്നു കേരളിയത്തിന് ഖജനാവിൽ നിന്ന് മുടക്കിയത്. 10 കോടി അധിക ഫണ്ടും നൽകി. മൊത്തം 37 കോടി രൂപ. കേരളിയ ത്തിന് സർക്കാർ കൊടുത്തതിൻ്റെ ഇരട്ടിയോളം സ്പോൺസർഷിപ്പ് വഴി സമാഹരിച്ചു എന്നാണ് ധനമന്ത്രി പറഞ്ഞത്.നവംബർ 8 ന് സമാപിച്ച കേരളീയം പരിപാടിയുടെ സ്പോൺസർമാർ 100 ദിവസം കഴിഞ്ഞിട്ടും അജ്ഞാതരായി തുടരുകയാണ്.