രാജ്യത്തെ കോവിഡ് മരണത്തിന്റെ കണക്കുകളിൽ 11.9 ലക്ഷം മരണങ്ങൾ കേന്ദ്ര സർക്കാർ മറച്ചുവെച്ചെന്ന് സയൻസ് അഡ്വാൻസസ് (Science Advances) ജേർണലിൻ്റെ പഠന റിപ്പോർട്ട്. ഈ റിപ്പോർട്ടിലെ നിരീക്ഷണങ്ങളെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പാടെ തള്ളിക്കളഞ്ഞു.
കേന്ദ്ര സർക്കാരിന്റെ മരണനിരക്കിനേക്കാൾ എട്ടിരട്ടി മരണങ്ങൾ സംഭവിച്ചുവെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. യുഎസ്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള 10 ഗവേഷകരുടെ നേതൃത്വത്തിലായിരുന്നു പഠനം നടന്നത്. ആദിവാസികൾ, ദളിതർ, മുസ്ലീങ്ങൾ തുടങ്ങിയ പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട സ്ത്രീ – പുരുഷന്മാർക്ക് ഇടയിലാണ് ഏറെ മരണങ്ങൾ സംഭവിച്ചത്.
കോവിഡിന് ശേഷം ഈ വിഭാഗങ്ങളുടെ ആയുർദൈർഘ്യത്തിൽ മൂന്നും നാലും വർഷങ്ങളുടെ കുറവുണ്ടായതായും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. പുതിയ കണ്ടെത്തലുകളെ ആരോഗ്യ മന്ത്രാലയം പാടെ തള്ളിക്കളയുകയാണ്. പഠനത്തിൽ കണ്ടെത്തിയ അധിക മരണങ്ങളും മറ്റ് നിഗമനങ്ങളും അംഗീകരിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്.