ജെ മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

കൊല്ലം: മുൻ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ മകനെ ജൂനിയർ റിസോഴ്‌സ് പേഴ്‌സണായി നിയമിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി. കൊല്ലം ജില്ലാ പഞ്ചായത്തംഗം ഫൈസൽ കുളപ്പാടമാണ് ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ മകൻ ടി. എം. അരുണിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

2023ലാണ് അരുണിന് ജൂനിയർ റിസോഴ്‌സ് പേഴ്‌സണായി (ജെആർപി) നിയമനം ലഭിച്ചത്. ജില്ലകളിലെ പദ്ധതികളുടെ ഏകോപനത്തിനായി ജില്ലാ വികസന കമ്മിഷണറുടെ (ഡിഡിസി) തസ്‌തിക സൃഷ്ടിച്ചിരുന്നു. ഇവരെ സഹായിക്കുന്നതിനുവേണ്ടിയായിരുന്നു ജൂനിയർ റിസോഴ്‌സ് പേഴ്‌സണർമാരുടെ നിയമനം.കൊല്ലത്ത് സമാന തസ്‌തികയിൽ ജോലി ചെയ്തയാൾ അപകടത്തിൽ മരിച്ചതിനെത്തുടർന്ന് അരുണിന്റെ അപേക്ഷപ്രകാരം സ്വന്തം ജില്ലയിലേയ്ക്ക് മാറ്റി.

ഇതിനിടെ ഡിഡിസി തസ്‌തിക സബ് കളക്ടർക്ക് കൈമാറി. ഡിഡിസി ഇല്ലാത്തപ്പോൾ എന്തിനാണ് ജെആർപിയെന്നും തസ്‌തിക തന്നെ പ്രത്യേകം നിയമനത്തിനായി സൃഷ്ടിച്ചതാണോയെന്ന് പരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഫൈസൽ കുളപ്പാടം പരാതി നൽകിയിരിക്കുന്നത്. എന്നാൽ എംടെക്കുകാരനായ തനിക്ക് മെറിറ്റിലാണ് ജോലി കിട്ടിയതെന്നും വിവാദത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്നുമാണ് അരുണിന്റെ വാദം.