വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്‌ടപ്പെട്ട ശ്രുതിക്ക് വീടൊരുങ്ങുന്നു. വ്യവസായി ബോബി ചെമ്മണ്ണൂർ നൽകിയ പത്ത് ലക്ഷം രൂപ വീട് വയ്‌ക്കാനായി എംഎൽഎ ടി സിദ്ദിഖ് ശ്രുതിക്ക് കൈമാറി. ശ്രുതിക്ക് ജോലി ലഭ്യമാക്കുന്നതിനായി സർക്കാർ തലത്തിൽ ആവശ്യം ഉന്നയിക്കുമെന്നും എംഎൽഎ പറഞ്ഞു.
ചൂരൽമലയിലെ പുതിയ വീടിന്റെ ഗൃഹപ്രവേശനം പൂർത്തിയായി വിവാഹ ഒരുക്കങ്ങളിലേക്ക് കടക്കുമ്പോഴാണ് ഉരുൾപൊട്ടലുണ്ടായത്. ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും നഷ്‌ടപ്പെട്ടു. വീടും പൂർണമായി തകർന്നു. പിന്നീട് വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുമ്പോഴാണ് സഹായം എത്തുന്നത്. ജെൻസന്റെ ആഗ്രഹം പോലെ ശ്രുതിക്ക് വീട് വച്ചുനൽകുമെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ വാഗ്ദാനം.
തുടർന്ന് ശ്രുതിയുടെ ആവശ്യം പോലെ കൽപ്പറ്റയിൽ തന്നെ വീട് വയ്‌ക്കാനുള്ള തുക അദ്ദേഹം എംഎൽഎയ്‌ക്ക് കൈമാറുകയായിരുന്നു.മുന്നോട്ട് ജീവിക്കാൻ ശ്രുതിക്ക് ജോലി ആവശ്യമാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഉണ്ടായിരുന്ന ജോലി നിലവിലെ സഹാചര്യത്തിൽ തുടരാനാവില്ല. അതിനാൽ സർക്കാർ ജോലി ലഭ്യമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ടി സിദ്ദിഖ് പറഞ്ഞു.ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തിലെ ഒമ്പതുപേരെയാണ് ശ്രുതിക്ക് നഷ്‌ടമായത്. പിന്നാലെ വാഹനാപകടത്തിൽ ജെൻസനും മരിച്ചു. അപകടത്തിൽ രണ്ട് കാലും ഒടിഞ്ഞ ശ്രുതി ഇപ്പോൾ കൽപ്പറ്റയിലുള്ള ബന്ധുവിനൊപ്പമാണ് കഴിയുന്നത്. ഒരു കാലിന് ശസ്ത്രക്രിയ പൂർത്തിയായി. രണ്ടാമത്തെ കാലിനും വൈകാതെ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. അതിനാൽ, മാസങ്ങൾ നീളുന്ന വിശ്രമത്തിന് ശേഷം മാത്രമേ സാധാരണ നിലയിലേക്കെത്താൻ ശ്രുതിക്ക് സാധിക്കൂ.