കോട്ടയം: ദേശീയ പ്രാധാന്യമുളള ലോക്സഭാ തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നതെങ്കിലും കേരളത്തില്‍ മാത്രം സ്വാധീനമുളള മൂന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലെ മത്സരത്തിനാണ് കോട്ടയത്ത് ഇക്കുറി കളമൊരുങ്ങുന്നത്. കേരള കോണ്‍ഗ്രസിലെ മാണി, ജോസഫ് ഗ്രൂപ്പുകള്‍ തമ്മിലുളള ഏറ്റുമുട്ടലിനിടയിലേക്ക് എന്‍ഡിഎ മുന്നണിയ്ക്കു വേണ്ടി ബിഡിജെഎസും കൂടി വരുന്നതോടെയാണ് കോട്ടയത്തെ ലോക്സഭ മല്‍സരം തികച്ചും പ്രാദേശികം കൂടിയാകുന്നത്.
പിളര്‍പ്പിനു ശേഷം നടന്ന 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പലയിടത്തും ജോസഫ് ഗ്രൂപ്പും മാണി ഗ്രൂപ്പും പരസ്പരം മല്‍സരിച്ചെങ്കിലും നേട്ടമുണ്ടാക്കിയത് മാണി ഗ്രൂപ്പായിരുന്നു. മൂന്നു വര്‍ഷത്തിനിപ്പുറം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ അത്യന്തം വാശിയോടെയാണ് ഇരു കേരള കോണ്‍ഗ്രസുകളും നേരിടാനൊരുങ്ങുന്നത്. ചുവരെഴുത്തിലെ തര്‍ക്കം മുതല്‍ നവമാധ്യമങ്ങളില്‍ നടക്കുന്ന പരസ്പര ചെളിവാരിയെറിയലുകളില്‍ വരെ ആ വാശി പ്രകടവുമാണ്.
പിളര്‍പ്പിനു ശേഷം ജോസ് കെ മാണിയ്ക്കും കൂട്ടര്‍ക്കും രണ്ടില ചിഹ്നം കിട്ടിയതില്‍ നിര്‍ണായകമായത് എംപിയായിരുന്ന തോമസ് ചാഴിക്കാടന്റെ നിലപാടു കൂടിയായിരുന്നു. നിര്‍ണായക ഘട്ടത്തില്‍ ജോസ് കെ മാണിയ്ക്കൊപ്പം പോയ ചാഴിക്കാടനെ വീഴ്ത്തേണ്ടത് അഭിമാന പ്രശ്നമായെടുത്തിരിക്കുകയാണ് ജോസഫ് ഗ്രൂപ്പ്. അതുകൊണ്ടു തന്നെയാണ് പാര്‍ട്ടിയിലെ ക്ലീന്‍ ഇമേജുകാരന് ഫ്രാന്‍സിസ് ജോര്‍ജിനെ തന്നെ മല്‍സരിപ്പിക്കാനുളള തീരുമാനത്തിലേക്ക് ജോസഫ് ഗ്രൂപ്പ് എത്തിയതും. ഇരു കേരള കോണ്‍ഗ്രസുകളും ഔദ്യോഗികമായി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും തോമസ് ചാഴിക്കാടനും ഫ്രാന്‍സിസ് ജോര്‍ജും കോട്ടയത്ത് സജീവമായിക്കഴിഞ്ഞു. മണ്ഡലത്തിലെ പ്രമുഖരെ കണ്ടും ഘടകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയും ചെറുചടങ്ങുകളില്‍ പങ്കെടുത്തുമെല്ലാം പ്രചാരണത്തിന്റെ മുന്നൊരുക്കങ്ങളിലാണ് ഇരുവരും.
ഇരു കേരള കോണ്‍ഗ്രസുകളും തമ്മില്‍ നേരിട്ടുളള മല്‍സരത്തെ ത്രികോണ മല്‍സരമാക്കി മാറ്റാനാവും എന്ന പ്രതീക്ഷയിലാണ് കേരളത്തില്‍ മാത്രം സ്വാധീനമുളള മൂന്നാമത്തെ പാര്‍ട്ടിയും കോട്ടയത്തേക്ക് ഇറങ്ങാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ തവണ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന പി.സി.തോമസ് നേടിയ ഒന്നര ലക്ഷത്തിലേറെ വോട്ടാണ് കോട്ടയത്തേക്ക് കണ്ണെറിയാന്‍ ബിഡിജെഎസിനെ പ്രേരിപ്പിക്കുന്നത്.
പാര്‍ട്ടിയുടെ അധ്യക്ഷനും എസ്എന്‍ഡിപി യോഗം നേതാവുമായ തുഷാര്‍ വെള്ളാപ്പളളി തന്നെ കോട്ടയത്ത് മല്‍സരിക്കുമെന്ന ധാരണയില്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട് ബിഡിജെഎസുകാര്‍. കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ നടത്തിയ പദയാത്രയില്‍ സജീവമായി പങ്കെടുത്ത തുഷാറും മല്‍സരിക്കുമെന്ന സൂചനയാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. എസ്എന്‍ഡിപിയ്ക്ക് ശക്തമായ സ്വാധീനമുളള മണ്ഡലത്തില്‍ പരമ്പരാഗത ഈഴവ വോട്ടുകളില്‍ ഭിന്നതയുണ്ടാവാന്‍ തുഷാറിന്റെ സാന്നിധ്യം വഴിവയ്ക്കുമെന്ന ചിന്ത ആശങ്കയായും പ്രതീക്ഷയായും എല്‍ഡിഎഫും യുഡിഎഫും പങ്കുവയ്ക്കുന്നു. കേരളത്തില്‍ മാത്രം വേരുകളുളള മൂന്ന് പാര്‍ട്ടികള്‍ ദേശീയ പ്രാധാന്യമുള്ളൊരു തിരഞ്ഞെടുപ്പില്‍ പരസ്പരം മല്‍സരിക്കുന്നതിന്റെ അപൂര്‍വതയങ്ങനെ ഇത്തവണത്തെ കോട്ടയം പോരാട്ടത്തെ സവിശേഷമാക്കുന്നു.