പോലീസ് വാഹനത്തിൽ നിന്ന് കണക്കിൽ പെടാത്ത പണം പിടിച്ചെടുത്ത സംഭവത്തിൽ ഗ്രേഡ് എസ് ഐ ജ്യോതികുമാർ, ഡ്രൈവർ അനിൽ കുമാർ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.

തിരുവനന്തപുരം: പോലീസ് വാഹനത്തിൽ നിന്ന് കണക്കിൽ പെടാത്ത പണം പിടിച്ചെടുത്ത സംഭവത്തിൽ ഗ്രേഡ് എസ് ഐ ജ്യോതികുമാർ, ഡ്രൈവർ അനിൽ കുമാർ എന്നിവരെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യഗോപിനാഥാണ് സസ്പെൻ്റ ചെയ്ത് ഉത്തരവിറക്കിയത്. ആറാം തിയതിയാണ് വാഹനത്തിന്റെ ഡ്രൈവർ സീറ്റിനടിയിൽ നിന്നും വിജിലന്‍സ് പണം പിടികൂടിയത്. പാറശ്ശാല സ്റ്റേഷനിലെ നൈറ്റ് പട്രോളിങ് വാഹനത്തില്‍ നിന്നാണ് പണം പിടികൂടിയത്. ഡ്രൈവറുടെ സീറ്റിന്റെ അടിഭാഗത്ത് സൂക്ഷിച്ചിരുന്ന 13960 രൂപയാണ് വിജിലന്‍സ് പിടിച്ചെടുത്തത്. 100, 200, 500 രൂപയുടെ നോട്ടുകള്‍ ചുരുട്ടിയിട്ട നിലയിലായിരുന്നു.
അതിര്‍ത്തി കടന്നു വരുന്ന വാഹനങ്ങളില്‍ നിന്ന് പോലീസ് വൻതോതിൽ പണപിരിവ് നടത്തുന്നതായി വിജിലൻസ് റേഞ്ച് എസ്.പി ജയശങ്കറിന് രഹസ്യവിവരം ലഭിച്ചിരുന്നു.ഇതേ തുടർന്നാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. പട്രോളിങ്ങ് വാഹനത്തിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ ജ്യോതിഷ് കുമാര്‍, ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തു . വിജിലൻസ് ഇൻസ്പെക്ടർ വിനീഷ് കുമാർ.പി.വി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പോലീസ് ജീപ്പിൽ നിന്ന് പണം പിടിച്ചെടുത്തത്. എസ്.ഐ ഷാജി പോലീസുകാരായ സിജുമോൻ സുഭാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു