തെരഞ്ഞെടുപ്പുകാല അവധിക്ക് ശേഷം കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ വീണ്ടും ചുമതലയേറ്റു. രാവിലെ 10.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയെ സുധാകരൻ വീട്ടിലെത്തി സന്ദർശിച്ച ശേഷമായിരുന്നു ചുമതലയേറ്റെടുക്കല്‍.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സ്ഥാനാർഥിയായപ്പോഴാണ് സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും തൽക്കാലത്തേക്ക് മാറിനിന്നത്. താൽക്കാലിക പ്രസിഡന്റായി ചുമതല ഏറ്റെടുത്ത എം.എം.ഹസൻ തിരഞ്ഞെടുപ്പിനു ശേഷവും ഒഴിയാത്തത് വിവാദങ്ങൾക്കു വഴിയൊരുക്കിയിരുന്നു. ഹൈക്കമാൻഡ് ഇടപെട്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് സുധാകരൻ തിരിച്ചെത്തുന്നത്. അതേസമയം, ചുമതലയേറ്റെടുക്കല്‍ ചടങ്ങിന് ഹസൻ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കളുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായി.