തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർത്തിയായിട്ടും കെപിസിസി പ്രസിഡന്റ് പദവി തിരിച്ചു കിട്ടാത്തതിൽ കെ.സുധാകരൻ തികഞ്ഞ അതൃപ്തിയിൽ. താല്കാലിക പ്രസിഡന്റ് ചുമതലയിൽ നിന്ന് എംഎം.ഹസനെ നീക്കാതെ ഹൈക്കമാന്ഡ് തീരുമാനം നീട്ടിക്കൊണ്ടു പോകുന്നതിൽ സുധാകരന്റെ അനുയായികൾ അസ്വസ്ഥരാണ്.
ഇന്നലെ നടന്ന കെപിസിസി നേതൃയോഗത്തിന് ശേഷം ചുമതല ഏറ്റെടുക്കാമെന്ന ധാരണയിലാണ് സുധാകരൻ കണ്ണൂരിൽ നിന്ന് എത്തിയത്. എന്നാൽ അധികാര കൈമാറ്റത്തെക്കുറിച്ച് ഹൈക്കമാൻഡ് വ്യക്തമായ സൂചനയൊന്നും നല്കാത്തതും സുധാകര ക്യാമ്പിനെ അലട്ടുന്നുണ്ട്. കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള കെ.സി.വേണുഗോപാൽ ചുമതല മാറ്റത്തെക്കുറിച്ച് സൂചനയൊന്നും നൽകാത്തതാണ് സുധാകരനെ അസ്വസ്ഥനാക്കുന്നത്. ഹൈക്കമാൻഡിൽ നിന്ന് കത്തുവരട്ടെയെന്ന നിലപാടിലാണ് വേണുഗോപാൽ.
കെപിസിസി പ്രസിഡന്റ് പദവി ഉപേക്ഷിച്ച് കണ്ണൂരിൽ മത്സരിക്കുന്നതിൽ സുധാകരന് തീരെ താല്പര്യമില്ലായിരുന്നു. ഹൈക്കമാൻഡിന്റെ നിർബന്ധവും സമ്മർദവും കാരണമാണ് അദ്ദേഹം മത്സരത്തിന് തയ്യാറായത്.
തിരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം അധ്യക്ഷ പദവി തിരികെ കിട്ടുമെന്ന ധാരണയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മാർച്ച് 21നാണ് എം.എം.ഹസന് പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകിക്കൊണ്ട് എഐസിസി ഉത്തരവായത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ ഹസൻ തുടരുമെന്നാണ് അറിയുന്നത്.
ആക്ടിംഗ് പ്രസിഡന്റ് പദവി ഉപയോഗിച്ച് അച്ചടക്ക നടപടിയുടെ പേരിൽ പാർട്ടി പുറത്താക്കിയിരുന്ന കെപിസിസി മുൻ സെക്രട്ടറി എം.എ.ലത്തീഫിനെ തിരിച്ചെടുത്തതിൽ പ്രതിപക്ഷ നേതാവടക്കം പലരും വിയോജിപ്പ് നേതൃയോഗത്തിൽ പ്രകടിപ്പിച്ചിരുന്നു. 2025ൽ നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി നേതൃത്വത്തിൽ സമഗ്ര അഴിച്ചുപണി ഉണ്ടായേക്കും.
12000ത്തിലധികം ബൂത്ത് കമ്മറ്റി പ്രസിഡന്റുമാരെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നിയമിക്കേണ്ട ഗതികേടിലായിരുന്നു പാർട്ടി. ഇത്തവണയും സംഘടനാ സംവിധാനത്തിന്റെ അഭാവം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിഴലിച്ചതായി മിക്ക സ്ഥാനാർത്ഥികളും പരാതിപ്പെട്ടിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സുധാകരന് പകരം ചെറുപ്പക്കാരനായ ഒരാളെ പാർട്ടി അധ്യക്ഷനായി നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.