തിരുവനന്തപുരം: ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് എന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കിയ അഗ്നിശമന സേനയുടെ പ്രവൃത്തി മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. പാക്കിസ്ഥാനെ പോലെ ഭീകരവാദ സംഘടനകള്‍ക്ക് സര്‍ക്കാര്‍ തന്നെ പരിശീലനം നല്കുന്ന സ്ഥലമായി കേരളം മാറിയെന്നും അദേഹം കുറ്റപ്പെടുത്തി.
പോപ്പുലര്‍ ഫ്രണ്ട്ന്റെ സംസ്ഥാനതല പരിപാടിയിലാണ് അഗ്നിശമന സേനയിലെ അംഗങ്ങള്‍ എത്തിയും പരിശീലനം നല്‍കിയതുമെന്നത് ഉന്നത ഭരണ നേതൃത്വത്തിന്റെ അറിവോടെയാണെന്നതിന് ഉദ്ദാഹരണമാണ്. ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനയ്ക്ക് പരിശീലനം നല്കിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കണം. പരിശീലകര്‍ക്കുള്ള ഉപഹാരം ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്നും സ്വീകരിച്ചത് ലജ്ജാകരമാണ്. കേരളത്തില്‍ പോലീസിനെ മാത്രമല്ല എല്ലാ സര്‍ക്കാര്‍ ഫോഴ്സുകളെയും നിയന്ത്രിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടുകാരാണെന്ന് വ്യക്തമായിരിക്കുകയാണെന്നും സുരേന്ദ്രന് ആരോപിച്ചു.
നേരത്തെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത പോലീസുകാരനെ ബി.ജെ.പിയുടെ സമ്മര്‍ദ്ദഫലമായി സര്‍വ്വീസില്‍ നിന്നും പുറത്താക്കിയത് കേരളത്തെ ഞെട്ടിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച പിന്തുണയുടെ പ്രത്യുപകാരമാണ് പിണറായി പോപ്പുലര്‍ ഫ്രണ്ടിന് നല്‍കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.