കൊച്ചി: പൗരത്വ ഭേദഗതി നിയമം കേരളത്തിലും നടപ്പിലാക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പൗരത്വഭേദഗതി നിയമത്തിന്റെ മറവിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് എൽഡിഎഫും യുഡിഎഫും ചെയ്യുന്നതെന്നും കേരളത്തിലെ മുസ്ലിം സമുദായത്തെ കബളിപ്പിക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം പിണറായി വിജയന് സ്ത്രീധനമായി കിട്ടിയതല്ല. സിഎഎ നാട്ടിൽ നിയമമായി കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ പൗരന്മാർക്ക് വേണ്ടിയല്ല. പാകിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ മതത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വേണ്ടിയാണ്. അത് നമ്മുടെ രാജ്യത്തിന്റെ ബാദ്ധ്യതയാണ്. ആരുടെയും പൗരത്വം എടുത്ത് കളയാനല്ല ഈ നിയമം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പൗരത്വം കൊടുക്കില്ലെന്ന് പറയാൻ പിണറായി വിജയനെ ആരെങ്കിലും പൗരത്വത്തിന് വേണ്ടി സമീപിച്ചിട്ടുണ്ടോ
പൗരത്വത്തിന്റെ കാര്യമെല്ലാം ജില്ലാ കളക്ടർ ചെയ്തുകൊള്ളും. അത് ആലോചിച്ച് മുഖ്യമന്ത്രി വിഷമിക്കണ്ട. കേരളം പിണറായി വിജയന് സ്ത്രീധനമായി കിട്ടിയതല്ല. സിഎഎ നമ്മുടെ നാട്ടിൽ നിയമമായി കഴിഞ്ഞു. ഇനി ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.’- സുരേന്ദ്രൻ പറഞ്ഞു. ഇന്ത്യയിൽ ആദ്യമായി അനധികൃത കടന്നുകയറ്റക്കാരെ പാർപ്പിക്കാൻ ക്യാമ്പ് തുടങ്ങിയത് കേരളത്തിലാണ്. ആദ്യം സിഎഎ നടപ്പാക്കുന്ന സംസ്ഥാനവും കേരളമായിരിക്കും. മോദി സർക്കാരിന്റെ ഗ്യാരന്റിയാണ് സിഎഎയെന്നും അദ്ദേഹം വ്യക്തമാക്കി. സിഎഎക്കെതിരെ കേരളത്തിൽ സമരം ചെയ്യാൻ യുഡിഎഫിനും എൽഡിഎഫിനും ധെെര്യമുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു.