തിരുവനന്തപുരം: പിണറായി സര്‍ക്കാരും കേരള ഗവര്‍ണറും തമ്മില്‍ പ്രത്യക്ഷത്തില്‍ അകല്‍ച്ചയിലാണെങ്കിലും ഗവര്‍ണരുടെ ഒരു ആവശ്യത്തിനും മുടക്കം വരരുതെന്ന നിര്‍ബന്ധ ബുദ്ധിയിലാണ് ധനമന്ത്രി. ഏറ്റവും കുറച്ചുകാലം സംസ്ഥാനത്ത് ചെലവിട്ട ഗവര്‍ണര്‍ മിക്കവാറും സര്‍ക്കാര്‍ ചെലവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ യാത്രയിലായിരിക്കും. എന്നാലും രാജ്ഭവനില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ തകൃതിയാണ്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പൂന്തോട്ടം പരിപാലിക്കാന്‍ ഈമാസം 19ന് 2 ലക്ഷം അനുവദിച്ചിരുന്നു. അതിന് പിന്നാലെ ഇപ്പോള്‍ ഗവര്‍ണര്‍ക്ക് വീണ്ടും ലക്ഷങ്ങള്‍ അനുവദിച്ചിരിക്കുകയാണ്് സര്‍ക്കാര്‍.രാജ്ഭവനില്‍ പോട്ടിംഗ് ഷെഡ് ( കളപ്പുര) നിര്‍മ്മിക്കാന്‍ 8.43 ലക്ഷം രൂപയാണ് അനുവദിച്ചത്. ഗാര്ഡന് ഓഫിസിന് സമീപമാണ് പോട്ടിംഗ് ഷെഡ് പണിയുന്നത്. വിത്തുകളും ഉപകരണങ്ങളും സൂക്ഷിക്കാനാണ് പോട്ടിംഗ് ഷെഡ് നിര്‍മ്മിക്കുന്നത്. ടെണ്ടര്‍ വിശദാംശങ്ങള്‍ മലയാളം മീഡിയക്ക് ലഭിച്ചു.
ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 1 നായിരുന്നു. ഗവര്‍ണര്‍ മുഖ്യമന്ത്രി തര്‍ക്കം മഞ്ഞുരുകിയതോടെ ഖജനാവില്‍ നിന്ന് രാജ്ഭവനിലേക്ക് ലക്ഷങ്ങളാണ് അനുവദിക്കുന്നത്. ലൈഫ് മിഷന് വീടിനായി 9 ലക്ഷം പേര് ക്യൂ നില്‍ക്കുമ്പോഴാണ് ഗവര്‍ണര്‍ക്കായി ലക്ഷങ്ങള്‍ ചെലവിടുന്നത്. 2 ലൈഫ് മിഷന് വീട് നിര്‍മ്മിക്കാനുള്ള തുകയാണ് പോട്ടിംഗ് ഷെഡ് നിര്‍മ്മാണത്തിനായി ബാലഗോപാല്‍ അനുവദിച്ചിരിക്കുന്നത്.