കല്ലായിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സംവിധായകന്‍ വി എം വിനു

കോഴിക്കോട് കോര്‍പറേഷനിലേക്ക് 15 സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. സംവിധായകന്‍ വി എം വിനു കല്ലായിയില്‍ സ്ഥാനാര്‍ഥിയാകും. സ്ഥാനാര്‍ഥിയായത് തനിക്കും സര്‍പ്രൈസാണെന്നും സത്യസന്ധമായ ഭരണം കാഴ്ചവയ്ക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും വി എം വിനു ട്വന്റിഫോറിനോട് പറഞ്ഞു. വി എം വിനു സ്ഥാനാര്‍ഥിയായേക്കുമെന്ന വാര്‍ത്ത ട്വന്റിഫോറാണ് ആദ്യം പുറത്തുവിട്ടിരുന്നത്. വി എം വിനു മേയര്‍ സ്ഥാനാര്‍ഥിയെന്നാണ് വിവരം.

കോഴിക്കോട് കോര്‍പറേനിലേക്ക് മത്സരിക്കാന്‍ വി എം വിനുവിനെ കോണ്‍ഗ്രസ് പരിഗണിക്കുന്നു എന്ന വാര്‍ത്ത തദ്ദേശ തിരഞ്ഞെടുപ്പിലെ സര്‍പ്രൈസുകളിലൊന്നായിരുന്നു. തന്റെ സിനിമകള്‍ക്ക് പശ്ചാത്തലമായ, താനേറെ സ്‌നേഹിക്കുന്ന കോഴിക്കോടിനായി നല്ലത് ചെയ്യാന്‍ ഇതൊരു നിയോഗമായി കാണുന്നുവെന്ന് വി എം വിനു പറഞ്ഞു. സിനിമയാണ് തനിക്ക് അറിയുന്ന മേഖലയെങ്കിലും കോഴിക്കോടിനേയും ജനങ്ങളേയും തനിക്ക് നന്നായി അറിയാം അദ്ദേഹം പറഞ്ഞു.