പാലക്കാട്: കഞ്ചിക്കോട്ട് മദ്യ നിര്‍മാണശാലക്ക് അനുമതി നല്‍കിയതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന സൂചന നല്‍കി പ്രതിപക്ഷ പാര്‍ട്ടികള്‍. മദ്യ നിര്‍മാണശാലക്കായി ഏറ്റെടുത്ത നിര്‍ദ്ദിഷ്ട സ്ഥലത്ത് കോണ്‍ഗ്രസും ബിജെപിയും കൊടിനാട്ടി പ്രതിഷേധിച്ചു. എലപ്പുള്ളി മണ്ണുകാട്ടില്‍ ഒയാസിസ് മദ്യക്കമ്പനിക്കു വേണ്ടി ഏറ്റെടുത്ത സ്ഥലത്താണ് കോണ്‍ഗ്രസും ബിജെപിയും സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
വി കെ ശ്രീകണ്ഠന്‍ എംപിയുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസിന്റെ സമരം നടക്കുന്നത്. രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനില്‍ക്കുന്ന സ്ഥലത്ത് മദ്യക്കമ്പനി തുടങ്ങാന്‍ അനുവദിക്കില്ലെന്ന് ശ്രീകണ്ഠന്‍ എം പി പറഞ്ഞു.കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലത്ത് ജലമൂറ്റാന്‍ കമ്പനിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത് ദുരൂഹമാണെന്ന് ബിജെപിയുടെ സമരത്തിന് നേതൃത്വം നല്‍കിയ ജില്ലാ ജനറല്‍ സെക്രട്ടറി എ കെ ഓമനക്കുട്ടന്‍ പറഞ്ഞു. സമരം തുടരാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.
പദ്ധതി സ്ഥലത്തേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം, പ്രതിപക്ഷ പാര്‍ട്ടികളുടെ സമരത്തെ തള്ളി മന്ത്രി എം. ബി രാജേഷ് രംഗത്ത് വന്നു. പ്രതിപക്ഷം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യംവച്ചുള്ള സമരം മാത്രമാണെന്നാണ് മന്ത്രിയുടെ ആരോപണം. ബ്രൂവറിക്ക് അനുമതി നല്‍കിയത് ചട്ടങ്ങള്‍ പാലിച്ചാണെന്നും നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നത് സര്‍ക്കാരാണെന്ന് സ്ഥലത്തെ പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചിരുന്നു.