ചണ്ഡീഗഢ്: ഡല്‍ഹിയില്‍ തോറ്റ അരവിന്ദ് കെജ്രിവാള് പഞ്ചാബില്‍ മുഖ്യമന്ത്രിയാവുമെന്ന് കോണ്‍ഗ്രസ്. പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃത്വമാണ് ‘പ്രവചന’വുമായി രംഗത്തെത്തിയത്. പഞ്ചാബ് നിയമസഭയില്‍ ഒഴിവുള്ള ഒരു സീറ്റും ആം ആദ്മി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ ദിവസങ്ങള്‍ക്ക് മുമ്പുള്ള പ്രസ്താവനയും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്.
പുതിയ സാഹചര്യത്തില്‍ എ.എ.പി. സംസ്ഥാന അധ്യക്ഷന്‍ അമന് അറോറ ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രസ്താവന പ്രസക്തമാണ്. ഒരു ഹിന്ദുവിനും പഞ്ചാബ് മുഖ്യമന്ത്രിയാവാം എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നയാളുടെ കഴിവ് മാത്രമാണ് പ്രധാനമെന്നും അതിനെ ഹിന്ദു- സിഖ് എന്ന കണ്ണിലൂടെ നോക്കിക്കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലത്തിന് ദിവസങ്ങള്‍ മാത്രം മുമ്പുള്ള ഈ പ്രസ്താവനയ്ക്ക്, കെജ്രിവാളിനെ പഞ്ചാബ് മുഖ്യമന്ത്രി കസേരയില്‍ എത്തിക്കാന്‍ എ.എ.പി. നേതൃത്വത്തിന്റെ വഴിയൊരുക്കലായി കാണാം. കൂടാതെ, സിറ്റിങ് എ.എ.പി. എം.എല്‍.എയുടെ മരണത്തെത്തുടര്‍ന്ന് ലുധിയാനയിലെ നിയമസഭാ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. അത് കെജ്രിവാളിന് ഒരു ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ സൗകര്യപ്രദമാണ്’, കോണ്‍ഗ്രസ് നേതാവും പഞ്ചാബിലെ പ്രതിപക്ഷ നേതാവുമായ പ്രതാപ് സിങ് ബജ്വയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഡല്‍ഹി എ.എ.പി. നേതൃത്വത്തിനെതിരെ പഞ്ചാബിലെ പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്നങ്ങളുണ്ടാവുമെന്നും ബജ്വ പ്രവചിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ നേതൃത്വത്തില്‍ ഡല്‍ഹി നേതൃത്വത്തിനെതിരെ തിരിയും. വ്യാപകമായി എ.എ.പി. എം.എല്‍.എമാര്‍ പാര്‍ട്ടി വിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയിലെ തോല്‍വിക്ക് പിന്നാലെ പഞ്ചാബിലെ എ.എ.പിയില്‍ പിളര്‍പ്പുണ്ടാവുമെന്ന് ഗുരുദാസ്പുര്‍ എം.പി. സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ പ്രവചിച്ചു. പഞ്ചാബ് ഇടക്കാല തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കണം. എ.എ.പിയുടെ ഒരുപിടി എം.എല്‍.എമാര്‍ പാര്‍ട്ടി വിടും. കുറഞ്ഞത് 35 എം.എല്‍.എമാര്‍ എ.എ.പി. വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേക്കേറാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഡല്‍ഹിയിലെ പരാജയം പഞ്ചാബില്‍ എ.എ.പി. നടത്തിയ അഴിമതികള്‍ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.