സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 3000 കോടി കൂടി കേരളം കടമെടുക്കുന്നു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 3000 കോടി കൂടി കേരളം കടമെടുക്കുന്നു. 2000 കോടി 35 വർഷത്തേക്കും 1000 കോടി 16 വർഷത്തേക്കും ആണ് കടം എടുക്കുന്നത്.

ഡിസംബർ വരെ 21,523 കോടി കടമെടുക്കാനാണ് സംസ്ഥാനത്തിന് അനുവാദം ലഭിച്ചിരുന്നത്. ഓരോ മാസവും പല തവണ കടം എടുത്തതോടെ കടം എടുക്കാൻ അവശേഷിക്കുന്ന തുക 3700 കോടി ആയി കുറഞ്ഞു. ഇപ്പോൾ 3ooo കോടി കൂടി എടുത്തതോടെ ഡിസംബർ വരെ കടമെടുക്കാൻ സാധിക്കുന്നത് 700 കോടി മാത്രം.

ഇതോടെ സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ശമ്പളം എങ്ങനെ കൊടുക്കുമെന്ന ആശങ്കയിലാണ് കെ.എൻ. ബാലഗോപാലും ധനവകുപ്പും. ശമ്പള പെൻഷൻ വിതരണത്തിന് മാത്രം ഒരു മാസം 5000 കോടിക്ക് മുകളിൽ വേണം.

പദ്ധതി ചെലവ് അമ്പത് ശതമാനത്തിൽ ഒതുക്കാനാണ് ധനവകുപ്പ് ഉദ്ദേശിക്കുന്നത്. ചെലവ് കുറച്ചാലും വരവില്ലെങ്കിൽ എങ്ങനെ ശമ്പളവും പെൻഷനും കൊടുക്കും എന്ന ചോദ്യമാണ് ഉയരുന്നത്. നാൽപതോളം വകുപ്പുകളിലെ നികുതികൾ കുത്തനെ കൂട്ടാൻ തീരുമാനിച്ചെങ്കിലും പരമാവധി 300 മുതൽ 500 കോടി വരെ മാത്രമേ ഇതിലൂടെ സമാഹരിക്കാൻ സാധിക്കൂ.

അതുകൊണ്ട് തന്നെ വരാൻ പോകുന്ന നാല് മാസം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മാത്രമല്ല ഭൂരിഭാഗം മേഖലകളും പ്രതിസന്ധിയിലാകും. കേന്ദ്രത്തിൽ നിന്ന് 20000 കോടിക്ക് മുകളിലുള്ള ഒരു പാക്കേജ് കിട്ടിയാൽ മാത്രമേ കേരള ഖജനാവ് ഓടൂ എന്ന് വ്യക്തം.

Leave a Reply

Your email address will not be published. Required fields are marked *