മോഹൻലാലിനെ ആദരിച്ച് കേരളം

അഭിനയ കലയോടും സിനിമ എന്ന മാധ്യമത്തോടുമുള്ള മോഹന്‍ലാലിന്റെ അര്‍പ്പണബോധം പുതുതലമുറ മാതൃകയാക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദാദാ സാഹേബ് ഫാല്‍കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിക്കുന്ന മലയാളം വാനോളം ലാല്‍സലാം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിക്ക് എന്നും അഭിമാനിക്കാനുള്ള നേട്ടം മോഹന്‍ലാല്‍ ഉണ്ടാക്കിത്തരുന്നുവെന്നും കേരള സര്‍ക്കാര്‍ അനുമോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ നേട്ടങ്ങളിലെത്താന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
ഇന്ത്യയിലെ ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹന്‍ലാല്‍. മലയാള സിനിമയെ അന്താരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തിയ അടൂര്‍ ഗോപാലകൃഷ്ണന് അംഗീകാരം ലഭിച്ചത് 2004ലാണ്. 20 വര്‍ഷത്തിനുശേഷമാണ് ഈ അംഗീകാരം മലയാളത്തെ തേടിയെത്തുന്നത്.
ഇന്ത്യന്‍ സിനിമയിലെ പ്രതിഭകള്‍ക്കൊപ്പം അമൂല്യമായ സിംഹാസനം കരസ്ഥമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സിനിമയുടെ ഈ ഇതിഹാസതാരമാണ്. മോഹന്‍ലാലിന് ഉള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം കൂടിയാണ്. ദേശീയ തലത്തില്‍ മലയാള സിനിമയുടെ കലാമൂല്യം ഉറപ്പിക്കപ്പെട്ടു. ശതാബ്ദിയോടടുത്ത മലയാള സിനിമയില്‍ അരനൂറ്റാണ്ട് കാലമായി നിറഞ്ഞു നില്‍ക്കുകയാണ് മോഹന്‍ലാല്‍ – മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.