മലയാളത്തിന്റെ പ്രിയ കഥാകാരൻ എം ടി വാസുദേവൻ നായരുടെ സംസ്‌കാരം വൈകീട്ട് 5 മണിക്ക് നടക്കും. മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക.
ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു എം.ടിയുടെ അന്ത്യം സംഭവിച്ചത്. രാത്രി പതിനൊന്നുമണിയോടെ അദ്ദേഹത്തിന്റെ സ്വന്തം വസതിയായ സിതാരയിലേക്ക് ഭൗതികശരീരം കൊണ്ടുവന്നതുമുതൽ സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ടവർ അന്ത്യോപചാരങ്ങളർപ്പിക്കാനായി ഒഴുകുകയായിരുന്നു.
തന്റെ ഭൗതിക ശരീരംപൊതുദർശനത്തിന് വെച്ച് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്, റോഡുകളിൽ വാഹനഗതാഗതം തടസ്സപ്പെടരുത്, എന്ന് കർശനമായി പറഞ്ഞ എം.ടിയെ അവസാനമായി ഒരു നോക്കുകാണാൻ അദ്ദേഹത്തിന്റെ വീട് എക്കാലത്തയുമെന്നപോലെ സന്ദർശകർക്കായി തുറന്നുകിടന്നു.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരനെ അവസാനമായൊന്ന് കാണാൻ കോഴിക്കോട് കൊട്ടാരം റോഡിലെ ‘സിതാര’യിൽ കേരളം ഒഴുകിയെത്തുകയാണ്. മാധുര്യമൂറുന്ന ഭാഷയിൽ തലമുറകളെ മലയാളത്തോട് അങ്ങേയറ്റം ഹൃദ്യമായി വിളക്കിച്ചേർത്ത എം.ടി. വാസുദേവൻ നായർക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ കലാ, സാംസ്‌കാരിക, രാഷ്ട്രീയ വ്യക്തിത്വങ്ങൾ അണമുറിയാതെ പ്രവഹിക്കുകയാണ്.
ഇന്നലെ രാത്രി എം.ടിയുടെ അന്ത്യം സംഭവിച്ച കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തന്നെ പ്രമുഖരുടെ നീണ്ട നിര എത്തിയിരുന്നു. ഇന്ന് പുലർച്ചെ 5.30 ന് തന്നെ നടൻ മോഹൻലാൻ ‘സിതാര’യിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, സംവിധായകൻ ഹരിഹരൻ, എഴുത്തുകാരായ പി.കെ. പാറക്കടവ്, കൽപറ്റ നാരായണൻ, ആലങ്കോട് ലീലാകൃഷ്ണൻ, യു.കെ. കുമാരൻ, എം.എം. ബഷീർ, കെ.പി. സുധീര, പി.ആർ. നാഥൻ, കെ.സി. നാരായണൻ, ഗോവ ഗവർണർ ശ്രീധരൻ പിള്ള, എം.പി. അബ്ദുസമദ് സമദാനി എം.പി, മേയർ ഡോ. ബീന ഫിലിപ്, ‘മാധ്യമം’ ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്‌മാൻ, എഡിറ്റർ വി.എം ഇബ്രാഹീം, മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട്, ബിഷപ് വർഗീസ് ചക്കാലക്കൽ, കൃഷി വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുല്ല, കലക്ടർ സ്‌നേഹിൽകുമാർ സിങ്, വി.എം വിനു, കെ. അജിത, കെ.ടി കുഞ്ഞിക്കണ്ണൻ, നിധീഷ് നടേരി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പി. മോഹനൻ, കെ.സി. അബു, പി.എം. നിയാസ്, എ. പ്രദീപ് കുമാർ, വി. വസീഫ്, സുനിൽ സ്വാമി, ജാനമ്മ കുഞ്ഞുണ്ണി, ഡോ. കെ. ശ്രീകുമാർ, സി.പി. മുസാഫർ അഹമ്മദ്, അഡ്വ എം. രാജൻ, കെ.കെ. ദിനേശൻ, കെ.കെ. ലതിക, മനയത്ത് ചന്ദ്രൻ, എം.ജയശ്രീ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഇപി ജയരാജൻ, നടൻ വിനീത്, ജോയ് മാത്യു തുടങ്ങിയവർ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു.