കോട്ടയം :ഭരണകക്ഷി എം എല്‍ എ യോട് അപമാര്യാദയായി പെരുമാറിയ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കു സ്ഥലം മാറ്റം.വൈക്കം പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ആയിരുന്ന കെ ജെ തോമസിനെയാണ് സ്ഥലംമാറ്റിയിട്ടുള്ളത്.
വൈക്കം എം എല്‍ എ യായ സി കെ ആശയുടെ പരാതിയിലാണ് നടപടി. ഡി ജി പി യുടെ നിര്‍ദ്ദേശപ്രകാരം വൈക്കം ഡിവൈ എസ് പി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ എം എല്‍ എ യുടെ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസം വഴിയോര കച്ചവടക്കാര്‍ നടത്തിയ സമരമാണ് എം എല്‍ എ യുടെ പരാതിയ്ക്കും സി ഐ യുടെ സ്ഥാനചലനത്തിനും കാരണം. വഴിയോര കച്ചവടക്കാരെ പോലീസ് ഒഴിപ്പിക്കുന്നതിനെതിരെ സി പി ഐ യുടെ തൊഴിലാളി സംഘടനയായ എ ഐ ടി യു സി യുടെ നേതൃത്വത്തില്‍ നടത്തിയ സമരതിനിടെ ചില നേതാക്കള്‍ക്കും കച്ചവടക്കാര്‍ക്കും പോലീസ് മര്‍ദ്ദനമേറ്റിരുന്നു.
ഈ വിഷയത്തില്‍ ഇടപെട്ട സ്ഥലം എം എല്‍ എ ആശയോട് സി ഐ അപമാര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. സി പി ഐ പ്രതിനിധിയായ എം എല്‍ എ ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്കും നിയമ സഭാസ്പീക്കര്ക്കും രേഖാമൂലം പരാതി നല്‍കിയിരുന്നു.
സമരം ചെയ്ത നേതാക്കളെയും കച്ചവടക്കാരെയും പോലീസ് മര്‍ദ്ധിക്കുക മാത്രമല്ല, എം എല്‍ എ ആവശ്യപ്പെട്ടിട്ടുപോലും പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സി ഐ തയ്യാറായില്ലെന്നും എം എല്‍ എ കാണാന്‍പോലും തയ്യാറായില്ലെന്നും പരാതിയിലുണ്ട്.
പോലീസ് നടപടയില്‍ പ്രതിഷേധിച്ചു സി പി ഐ യുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തിയിരുന്നു. കഴിഞ്ഞമാസം 22ന് നടത്തിയ മാര്‍ച്ച് സി കെ ആശ എം എല്‍ എ യാണ് ഉത്കാടനം ചെയ്തത്. സി ഐ യെ ഇനി വൈക്കം സ്റ്റേഷനില്‍ തുടരാന്‍ അനുവദിക്കില്ലെന്നും ആവശ്യമെങ്കില്‍ സി ഐ ക്കെതിരെ അവകാശലംഘനത്തിന് സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും ഉത്ക്കാടന പ്രസംഗത്തില്‍ ആശ പ്രഖ്യാപിച്ചിരുന്നു. ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചിരുന്നു.കോട്ടയം ജില്ലയിലെതന്നെ പാല പോലീസ് സബ് ഡിവിഷനിലുള്ള ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസറായാണ് കെ ജെ തോമസിനെ മാറ്റിയിരിക്കുന്നത്. കോഴിക്കോട് സിറ്റിയിലെ പടിഞ്ഞാറേക്കര പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസറാ യിരുന്ന സി ഐ സുകേഷ് എസ് ആണ് പുതിയ വൈക്കം എസ് എച്ച് ഒ.എം എല്‍ എ നിയമസഭ സ്പീക്കര്‍ക്ക് നല്കിയ പരാതിയില്‍ സി ഐ ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. വകുപ്പുതല അച്ചടക്കനടപടിയുണ്ടാകുമെന്നാണ് സൂചന.വെള്ളിയാഴ്ച രാത്രിയാണ് സ്ഥലംമാറ്റ ഉത്തരവ് സംസ്ഥാന പോലീസ് മേധാവി പുറത്തിറക്കിയത്.