കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം കൗൺസിലർ കലാ രാജുവിനെ സിപിഎമ്മുകാർ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മാത്യു കുഴൽനാടൻ എംഎൽഎ. കലാ രാജുവിനെ തട്ടികൊണ്ടുപോകാൻ വഴിയൊരുക്കിയത് പൊലീസാണെന്നും പ്രതികളായ ആളുകൾക്ക് പൊലീസ് സുരക്ഷയൊരുക്കിയെന്നും അദ്ദേഹം വിമർശിച്ചു. കലാ രാജുവിനെ തട്ടിക്കൊണ്ടുപോകാൻ ഡിവൈഎസ്പി അടക്കം സഹായിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
കലാ രാജുവിനെ ബലമായി കാറിൽ കയറ്റിയപ്പോൾ കാറിന്റെ ഡോർ അടച്ചു കൊടുത്തത് പൊലീസാണെന്ന് അദ്ദേഹം പറഞ്ഞു. തട്ടിക്കൊണ്ടുപോയ വാഹനത്തിന് പൊലീസുകാർ വഴിയൊരുക്കി. ആശുപത്രിയിൽ വച്ചും കലാരാജുവിനെ വളഞ്ഞു നിന്ന് പൊലീസ് ഭീഷണിപ്പെടുത്തി. ഒരു പ്രതിയോട് പെരുമാറുന്നതിനേക്കാൾ ക്രൂരമായാണ് അവരോട് പൊലീസ് പെരുമാറിയത്. അവരുടെ ജീവന് ഭീഷണി ഉണ്ടായതിനെ തുടർന്നാണ് കൂത്താട്ടുകുളത്തെ ആശുപത്രിയിൽ നിന്ന് കൊച്ചിക്ക് കൊണ്ടുവന്നത്. ഇതിൽ നിയമനടപടിയുമായി മുന്നോട്ട് പോകും. പെരുവഴിയിൽ വച്ച് മകന്റെ പ്രായം പോലുമില്ലാത്ത ഡിവൈഎഫ്ഐക്കാരൻ കലാരാജുവിൻ്റെ സാരി വലിച്ചൂരാൻ ശ്രമിച്ചെന്ന് കലാരാജു പറഞ്ഞതായും കുഴൽ നാടൻ ആരോപിച്ചു.
തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ കേസുമായി തന്നെ മുന്നോട്ട് പോകുമെന്ന് കലാ രാജുവിൻ്റെ മകളും നിലപാടെടുത്തു. അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ നേരത്തെ തന്നെ ഉണ്ടെന്നും പൊലീസിനോട് അമ്മ രക്ഷിക്കണമെന്ന് അപേക്ഷിച്ചതാണെന്നും അവർ ആരോപിച്ചു. കൂത്താട്ടുകുളം നഗരസഭാ വൈസ് ചെയർമാൻ സണ്ണി കുര്യക്കോസ്, ഫെബീഷ് ജോർജ് എന്നിവരാണ് എല്ലാത്തിനും നേതൃത്വം നൽകിയത്. അമ്മയെ ആക്രമിച്ചവരെല്ലാവരും പരിചയക്കാരാണ്. രാവിലെ 10 മണി മുതൽ അമ്മ എവിടെയുണ്ടെന്ന് അന്വേഷിക്കുകയായിരുന്നു. ആറ് മണിക്കൂറോളം ഒരു വിവരവും ഉണ്ടായിരുന്നില്ലെന്നും മകൾ പറഞ്ഞു.