തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞിട്ടും എം.എം.ഹസന് തന്നെ കെപിസിസി പ്രസിഡന്റിന്റെ ചുമതലയില്‍. കെപിസിസി അധ്യക്ഷന്‍ സുധാകരന് കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയായപ്പോഴാണ് ആക്ടിംഗ് പ്രസിഡന്റിന്റെ ചുമതല ഹസന് നല്‍കിയത്. ഇപ്പോള്‍ വോട്ടെടുപ്പ് കഴിഞ്ഞിട്ടും ചുമതലയില്‍ ഹസനാണ്.
ഹസന് ചുമതല നല്‍കിയത് എഐസിസിയായതിനാല് തീരുമാനവും അവിടുന്ന് തന്നെ വരണം. തിരഞ്ഞെടുപ്പിന് ശേഷം ചുമതല ഏല്ക്കാന് സുധാകരന് താത്പര്യപ്പെട്ടെങ്കിലും ശ്രമം നടന്നില്ല.അതിന് എഐസിസിയുടെ പുതിയ ഉത്തരവ് ഇറങ്ങണം. അതിറങ്ങാത്തതിനാല് നിലവിലെ സംവിധാനം തന്നെ തുടരും.
വോട്ടെണ്ണല്‍ വരെ ഹസന് തുടരും എന്നാണ് നിലവിലെ സൂചനകള്‍. അതിനുശേഷവും സുധാകരന് തിരിച്ചുവരുന്നത് എളുപ്പമായിരിക്കില്ല. കെപിസിസി തലപ്പത്ത് നേതൃമാറ്റത്തിന്റെ നീക്കങ്ങളുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ വലിയ അഴിച്ചുപണി കെപിസിസിയില്‍ വരുമെന്നാണ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. ഇത് മനസിലാക്കി തന്നെയാണ് ചുമതല ഏറ്റെടുക്കാന്‍ സുധാകരന് നീക്കം നടത്തിയത്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സുധാകരനുമായും ഹസനുമായും ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. ചുമതലയുമായി ഹസന് മുന്നോട്ട് തന്നെയാണ് . വോട്ടെടുപ്പ് വിലയിരുത്താൻ കെപിസിസി ഭാരവാഹികളുടെയും സ്ഥാനാർഥികളുടെയും യോഗം വിളിക്കാനുള്ള തിരക്കിലാണ് യുഡിഎഫ് കണ്‍വീനര്‍ കൂടിയായ ഹസന്.