ദില്ലി: പിവി അൻവറിനോട് മതിപ്പും എതിർപ്പും ഇല്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന് പറഞ്ഞു.നിലമ്പൂരിലെ സ്ഥാനാർത്ഥി ആര് എന്നതടക്കം യുഡിഎഫ് ചർച്ച ചെയ്യും
ഇപ്പോഴുള്ളത് അസ്വാഭാവികമായ സാഹചര്യം, അതിനെ തന്ത്രപരമായി കൈകാര്യം ചെയ്യും.അൻവറിന്റെ നിർദേശം തള്ളാനും കൊള്ളാനും ഇല്ല.അൻവറിന്റേത് അൻവറിന്റെ മാത്രം അഭിപ്രായമാണ്.അൻവറിന് എതിരും അനുകൂലവും അല്ല.അനുകൂലിക്കേണ്ട സ്ഥിതിയിൽ അല്ല അൻവറുള്ളത്.നിലമ്പൂരില് ജോയി മത്സരിക്കട്ടെ എന്ന് അൻവർ പറഞ്ഞതിൽ ദുഷ്ടലാക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആര്യാടന് ഷൗക്കത്തിനെയും ഡിസിസി പ്രസിഡണ്ട് ജോയിയെയും എതിർചേരിയിലാക്കി കോൺഗ്രസിൽ ഭിന്നതയുണ്ടാക്കാനാണ് അൻവറിന്റെ നീക്കം.നിലമ്പൂർ ഇനി തിരികെ ലഭിക്കില്ലെന്ന് അൻവറിന് അറിയാം. യുഡിഎഫിൽ കയറിപ്പറ്റിയാൽ പാലക്കാട്ടെ ഒരു മണ്ഡലം ലക്ഷ്യമീട്ട് നീങ്ങാനാണ് അൻവർ ആലോചിക്കുന്നത്.രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന പ്രചാരണമുണ്ടെങ്കിലും യാതൊരു ഉറപ്പും ലഭിച്ചില്ലെന്നാണ് സൂചന.ഇന്ത്യാ മുന്നണിയുടെ പേരിൽ യുഡിഎഫിൽ പ്രവേശിക്കാമെന്നാണ് അൻവർ ഇപ്പോഴും പ്രതീക്ഷിക്കുന്നത്. പക്ഷെ കോൺഗ്രസിൽ സുധാകരനും ചെന്നിത്തലയ്ക്കുമുള്ള താല്പര്യം സതീശനില്ല.
തൃണമൂലിനെ കേരളത്തിൽ സജീവമാക്കാൻ ആദ്യഘട്ടത്തിൽ രണ്ടാംനിര നേതാക്കളെയും പിന്നീട് മമതെയും പങ്കെടുപ്പിച്ച് റാലികളാണ് അൻവർ ലക്ഷ്യമിടുന്നത്.തൃണമൂൽ ഒരു ഇടക്കാല താവളം ആണെന്ന ചർച്ചയും അൻവർ ക്യാംപിലുണ്ട്. തെരഞ്ഞെടുപ്പക്കടുമ്പോൾ രാഷ്ട്രീയ സാഹചര്യം മാറുമെന്നും സിപിഎമ്മിനെ തോൽപ്പിക്കാൻ എല്ലാ വഴികളും യുഡിഎഫ് തേടുമെന്നും വാതിൽ തുറക്കുമെന്നും അൻവർ കരുതുന്നു. അപ്പോൾ ലീഗിന്റെ പിന്തുണ കിട്ടുമെന്നും അൻവർ കരുതുന്നു.