വിഷ ജന്തുക്കൾക്ക് സാമൂഹ്യ ഭ്രഷ്ട് കൽപ്പിക്കുക:ഡോ:കെ.ടി.ജലീൽ

മുൻ ഗവ: ചീഫ് വിപ്പ് ശ്രീ പി.സി ജോർജ്ജിൻ്റെ പ്രസംഗത്തിലെ വരികൾ അത്യന്തം ഹീനവും നികൃഷ്ടവുമാണ്. ഏറ്റവും നല്ല വസ്തുക്കൾ ഏറ്റവും മിതമായ നിരക്കിൽ എവിടെ നിന്ന് കിട്ടും എന്ന് നോക്കിയാണ് ലോകത്തെല്ലാവരും അവർക്കാവശ്യമുള്ളത് വാങ്ങുന്നത്. അല്ലാതെ സ്ഥാപന ഉടമയുടെ പേരോ മതമോ നോക്കിയല്ല.
എം.എ യൂസുഫലി തിരുവനന്തപുരത്ത് മാൾ തുടങ്ങിയത് ആരുടെയോ പണം അടിച്ചെടുക്കാനാണെന്നും മലപ്പുറത്തും കോഴിക്കോട്ടും ഹൈപ്പർ മാർക്കറ്റ് തുടങ്ങാത്തത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു. കോഴിക്കോട്ടെ ലുലു മാളിൻ്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മലപ്പുറം ജില്ലയിലെ തിരൂരിൽ ലുലു സെൻ്റർ ആരംഭിക്കുന്നതിന് സ്ഥല ഉടമയുമായി മാനേജ്മെൻ്റ് കരാർ ഒപ്പിട്ടതായും അറിയുന്നു.
പി.സി ജോർജിനെ പോലെ മൂന്ന് പതിറ്റാണ്ട് നിയമസഭാംഗമായ ഒരാൾ ഒരിക്കലും നടത്താൻ പാടില്ലാത്ത പ്രസ്താവനയാണ് നടത്തിയത്. അതിന് കയ്യടിക്കാൻ വേറേ ചിലരും. ഇവരെല്ലാം കൂടി എങ്ങോട്ടാണ് കേരളത്തെ കൊണ്ടു പോകുന്നത്?
പി.സി ജോർജിനെതിരെ നിയമ നടപടി സ്വീകരിക്കൽ രണ്ടാമത്തെ കാര്യമാണ്. അദ്ദേഹം സ്വമേധയാ പ്രസ്താവന പിൻവലിച്ച് പറ്റിയ തെറ്റ് ഏറ്റു പറയുകയാണ് വേണ്ടത്.
ആരും ആരെയും ഒരു കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്നില്ല. സ്വ ഇഷ്ടപ്രകാരമാണ് ഓരോരുത്തരും ഷോപ്പുകൾ തെരഞ്ഞെടുക്കുന്നത്. കഴിക്കുന്ന ഭക്ഷണത്തിലും ഉടുക്കുന്ന വസ്ത്രത്തിലും ഉപയോഗിക്കുന്ന വസ്തുക്കളിലും മതവും ജാതിയും കുത്തി നിറച്ചാൽ എങ്ങിനെ നമുക്ക് ജീവിക്കാനാകും.
ഫേസ്ബുക്കും ഗൂഗിളും വാട്സപ്പും ട്വിറ്ററും ഇമോയും ആപ്പിളും സാംസഗും നോക്കിയയും റഡ്മിയും റിലയൻസും ഓപ്പോയും വിവോയും എയർടെല്ലും ജിയോയും ഐഡിയയും വൊഡാഫോണും മാരുതിയും ടാറ്റയും ടൊയോട്ടയും ബെൻസും ഓഡിയും ഷവർലെയും മഹീന്ദ്രയും റയമണ്ട്സും അഡിഡാസും നോർത്ത് റിപബ്ലിക്കും ബനാറസും കാഞ്ചീപുരവും ബാറ്റയും ഫിഷറും വികെസിയും ലൂണാറും നിറപറയും ഈസ്റ്റേണും പെരിയാറും എലൈറ്റും ബ്രാഹ്മിൺസും സൂപ്പർ നോവയും ഡബ്ൾ ഹോഴ്സും അജ്മിയും എണ്ണിയാലൊടുങ്ങാത്ത ഹിന്ദുസ്ഥാൻ ലിവറിൻ്റെ ഉൽപന്നങ്ങളും നാം ഉപയോഗിക്കുന്നത് അവയുടെ ഉടമസ്ഥരുടെ മതം ചിക്കിച്ചികഞ്ഞ് നോക്കിയിട്ടാണോ?
കേന്ദ്ര മന്ത്രി വി മുരളീധരൻ ദിവസങ്ങൾക്ക് മുമ്പ് തലശ്ശേരി അതിരൂപതയുടെ പുതിയ ബിഷപ്പിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത് നടത്തിയ നിരുത്തരവാദപരമായ പ്രസ്താവന ഇതോടൊപ്പം ചേർത്ത് വായിക്കണം. അതിന് അതേ വേദിയിൽ ജോൺ ബ്രിട്ടാസ് എം.പി നൽകിയ മറുപടിയും ഓർമ്മിക്കണം. ബി.ജെ.പി യുടെ നേതൃത്വത്തിൽ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹ മന്ത്രി കേരളത്തിൽ ചുറ്റിത്തിരിഞ്ഞ് നടക്കുന്നതും കണ്ടില്ലെന്ന് നടിക്കരുത്.
കേരളം അതീവ ജാഗ്രത പുലർത്തേണ്ട സമയമാണിത്. ജനങ്ങളിൽ വർഗീയ ചേരിതിരിവുണ്ടാക്കി കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യാനാണ് ബി.ജെ.പിയുടെ മുൻകയ്യിൽ പി.സി ജോർജിനെപ്പോലുള്ളവരെ കളത്തിലിറക്കി ശ്രമിക്കുന്നത്. കേന്ദ്രമന്ത്രി വി മുരളീധരൻ അതിന് വഴിമരുന്നിട്ട് കൊടുത്തു. മലയാളികൾ ഒന്നടങ്കം ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്ത് വരണം.