പുകഞ്ഞ കൊള്ളി പുറത്ത് ; കെ വി തോമസിനെ കാത്തിരിക്കുന്നത് ആറു വര്‍ഷത്തേക്ക് വിലക്ക്

തിരുവനന്തപുരം: കെ പി സി സി യുടെ വിലക്ക് ലംഘിച്ച് സി പിഎം കോണ്‍ഗ്രസില്‍ പങ്കെടുത്ത മുന്‍ കേന്ദ്രമന്ത്രിയും എ ഐ സി സി നേതാവുമായ കെ.വി.തോമസിനെ ആറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസിന്റെ പ്രഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കും. ഇക്കാര്യത്തില്‍ കെ.വി തോമസിനോട് എ ഐ സി സി വിശദീകരണം ചോദിച്ചിട്ടുണ്ട്. വിശദീകണം എന്തു തന്നെയാലും കെ.വി തോമസിനെയുള്ള നടപടി രണ്ടു ദിവസവും ഉണ്ടാകും.തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിലനിര്‍ത്തണ്ട എന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനും അണികള്‍ക്കുമുള്ളത്.

കെ.വി തോമസിന് കനത്ത താക്കീത് നല്‍കിയില്ലങ്കില്‍ കോണ്‍ഗ്രസുക്കാര്‍ക്കിടയില്‍ ഇത്തരം പ്രവണതകള്‍ ഉണ്ടാകുമെന്ന് നേതൃത്വം ഭയക്കുന്നു.കണ്ണൂരില്‍ നടക്കുന്ന സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സെമിനാറുകളില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരം എംപി കൂടിയായ ശശി തരൂരിനേയും മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസിനേയും സിപിഎം ക്ഷണിച്ചിരുന്നു. എന്നാല്‍ സിപിഎം സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതിനെതിരെ സംസ്ഥാന നേതൃത്വം എതിര്‍പ്പുയര്‍ത്തി.ഇതോടെ ഹൈക്കമാന്‍ഡ് ഇരുവര്‍ക്കും അനുമതി നിഷേധിച്ചു. ഇത് ലംഘിച്ചാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ വി തോമസ് പങ്കെടുത്തത്. സെമിനാറില്‍ പങ്കെടുത്താല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുമെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവന തള്ളിയാണ് കെ.വി.തോമസ് സി പി എം വേദിയിലെത്തിയത്.

എന്നാല്‍ എ.ഐ.സി.സി അംഗമായ തനിക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രനേതൃത്വത്തിനേ കഴിയുകയുള്ളൂവെന്ന് കെ.വി.തോമസ് തിരിച്ചടിച്ചു. അദ്ദേഹം അച്ചടക്കലംഘനം നടത്തിയെന്ന് കാണിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയക്ക് കത്തയച്ചിട്ടുണ്ട്. എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള അച്ചടക്കസമിതി ഇത് പരിഗണിച്ച് നടപടി തീരുമാനിക്കും.മറ്റ് പല കോണ്‍ഗ്രസ് നേതാക്കളെ പോലെയല്ല കെ.വി.തോമസ്.എറണാകുളത്തും മദ്ധ്യതിരുവിതാംകൂറിലും മറ്റ് തീരദേശങ്ങളിലും കെ.വി തോമസിന്റെ കൊഴിഞ്ഞുപോക്കോടെ വലിയ വിഭാഗം ക്രൈസ്തവ വോട്ടുകളുടെ ചോര്‍ച്ച ഉണ്ടകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഭയക്കുന്നു. ഹൈബി ഈഡനെ പോലുള്ള നേതാക്കള്‍ ഉണ്ടെങ്കിലും അതൊന്നും കെ.വി തോമസിന് പകരം വയ്ക്കാക്കാന്‍ ആകില്ല.

Leave a Reply

Your email address will not be published. Required fields are marked *