തിരുവനന്തപുരം: നേരത്തെ സമ്പത്തിന് നല്‍കിയ ആനുകൂല്യങ്ങൾ തന്നെയാണ് തനിക്കും ലഭിച്ചിരിക്കുന്നതെന്ന് കെവി തോമസ്. യാത്രാബത്ത കാലാനുസൃതമായി കൂട്ടിയിട്ടുണ്ടാകുമെന്നും കെവി തോമസ് പറഞ്ഞു. യാത്രാബത്തക്കുള്ള ബജറ്റ് വിഹിതം ഇരട്ടിയിലധികമാക്കാനുള്ള ശുപാര്‍ശയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ദില്ലിയിലെ പ്രതിനിധി കെ വി തോമസിന്റെ യാത്രാബത്ത ഉയർത്താന്‍ സർക്കാർ നിർദേശം നല്‍കിയിരിക്കുന്നത്. പ്രതിവർഷ തുക 5 ലക്ഷത്തിൽ നിന്നും 11.31 ലക്ഷം ആക്കാൻ പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശുപാർശ നൽകി. നേരത്തെ കെ വി തോമസിന് യാത്ര ബത്തയായി പ്രതിവർഷം 5 ലക്ഷം രൂപയായിരുന്നു തുക അനുവദിച്ചിരുന്നത്. എന്നാൽ യാത്രാ ആവശ്യങ്ങൾക്ക് വേണ്ടി ചെലവാക്കുന്ന തുക 6.31 ലക്ഷമാണെന്നും അത് കൊണ്ട് യാത്രാ ബത്ത കൂട്ടണമെന്നുമായിരുന്നു കെവി തോമസിന്റെ ആവശ്യം. ഇത് പരിഗണിച്ചാണ് പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശുപാർശ നൽകിയത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് കെവി തോമസിന് യാത്രാ ബത്ത വർധിപ്പിച്ചത്. ഇന്നലെ പിഎസ്.സി ചെയർമാൻെറയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും സർക്കാർ കുത്തനെ കൂട്ടിയിരുന്നു. ചെയർമാന്ററെ ശമ്പളം 2.26 ലക്ഷത്തിൽ നിന്നും മൂന്നര ലക്ഷം രൂപയാക്കി. അംഗങ്ങളുടെത് 2.23 ലക്ഷത്തിൽ നിന്നും മൂന്നേകാൽ ലക്ഷവുമാക്കി. പെൻഷനിലും വലിയ വർദ്ധനയുണ്ടാകും.