തിരുവനന്തപുരം: മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പത്താം ക്ലാസുകാരനെ കണ്ടെത്തി. കീഴാറ്റിങ്ങലിലുള്ള ഒരു റബർ തോട്ടത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ ഗുണ്ടാ സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. റബർ തോട്ടത്തിൽ കുട്ടിയെ തടഞ്ഞുവച്ചിരിക്കുകയായിരുന്നു.
രാത്രി 7.45ഓടെയാണ് മംഗലപുരം ഇടവിളാകത്ത് ആഷിക്കിനെ തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ നാലംഗ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ആഷിക്കിന്റെ മാതാപിതാക്കൾ വിദേശത്താണ്. അമ്മൂമ്മയുടെ ഒപ്പമാണ് കുട്ടി താമസിക്കുന്നത്. സംഭവത്തിൽ ബന്ധുക്കൾ മംഗലപുരം പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.ഇക്കഴിഞ്ഞ ശനിയാഴ്ചയും ആഷിക്കിനെ ബെെക്കിലെത്തിയ രണ്ടുപേർ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചിരുന്നു. പിന്നാലെ കഞ്ചാവ് വലിക്കാൻ നൽകി. ഇത് ആഷിക്ക് വീട്ടിൽ പറഞ്ഞതോടെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വെെരാഗ്യത്തിലാണ് ഇപ്പോൾ തട്ടിക്കൊണ്ടുപോയതെന്നാണ് കുടുംബം ആരോപിക്കുന്നത്.