പിണറായിയുടെ മുഖം മിനുക്കിയതിന് വീണ്ടും ലക്ഷങ്ങൾ അനുവദിച്ചു. ഈ മാസം 5 ന് 67.18 ലക്ഷമാണ് പിണറായിയുടെ മുഖം മിനുക്കിയതിന് അനുവദിച്ചത്. നവ കേരള സദസിന് മുഖ്യമന്ത്രിയുടെ പോസ്റ്റർ അടിച്ചതിന് 7.47 കോടി ഈ മാസം 2 ന് അനുവദിച്ചതിന് പിന്നാലെയാണ് 67.18 ലക്ഷം കൂടി അനുവദിച്ചിരിക്കുന്നത്.
ഈ 67.18 ലക്ഷം എന്തിനൊക്കെയാണ് നൽകിയതെന്ന് നോക്കാം. നവകേരള സദസ് പരിപാടിയുടെ പ്രചരണാർത്ഥം കലാജാഥ സംഘടിപ്പിച്ചതിന് അനുവദിച്ചത് 20 ലക്ഷം രൂപയാണ്. ആർ. എൻ. ആർട്സ് ഹബിനായിരുന്നു കലാജാഥയുടെ ചുമതല. 48 ലക്ഷം രൂപയാണ് കലാജാഥയുടെ മൊത്തം ചെലവ്. ബാക്കി തുക അടുത്ത സാമ്പത്തിക വർഷം നൽകാം എന്നാണ് ബാലഗോപാലിൻ്റെ വാഗ്ദാനം.
നവകേരള സദസ് പരിപാടിയുടെ പ്രചരണാർത്ഥം കെ എസ് ആർ ടി സി ബസിൽ പിണറായിയുടെ പുഞ്ചിരിക്കുന്ന ചിത്രം പതിപ്പിച്ചിരുന്നു. ഇതിന് ഇപ്പോൾ അനുവദിച്ചത് 11.99 ലക്ഷം രൂപയാണ്. ദീർഘദൂര സർവീസ് നടത്തുന്ന 142 ബസുകളിലാണ് പരസ്യം പതിപ്പിച്ചത്. 16.99 ലക്ഷമായിരുന്നു മൊത്തം ചെലവ്. ഇതിൽ 4.99 ലക്ഷം ഈ വർഷം മാർച്ച് 6 ന് കെ എസ് ആർ ടി സിക്ക് നൽകിയിരുന്നു. ബാക്കി തുകയായ 11.99 ലക്ഷമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.
കേരളീയം, നവകേരള സദസ് പരിപാടിക്ക് റയിൽവേ ജിംഗിൾസ് പ്രചരണം നടത്തിയിരുന്നു. ലീമാക്സ് അഡ്വർട്ടൈസിംഗ് മുഖാന്തിരമാണ് റയിൽവേക്ക് പരസ്യം നൽകിയത്. 41.21 ലക്ഷമായിരുന്നു മൊത്തം ചെലവ്.ഇതിൽ 18. 57 ലക്ഷം നേരത്തെ അനുവദിച്ചിരുന്നു.
ബാക്കി തുകയായ 22.64 ലക്ഷമാണ് ഇപ്പോൾ അനുവദിച്ചത്. ലൈഫ് മിഷൻ പദ്ധതിയുടെ പ്രചരണത്തിന് ഹോർഡിംഗ് സ്ഥാപിച്ചിരുന്നു. 35 ഹോർഡിംങ് സുകളാണ് സ്ഥാപിച്ചത്. ഒരു മാസത്തെ വാടക 12.54 ലക്ഷം. ഈ തുകയും ഇപ്പോൾ അനുവദിച്ചിട്ടുണ്ട്.ഖജനാവിലെ പണം തോന്നിയതു പോലെ ചെലവാക്കുന്ന ആറാട്ടാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നത് എന്ന് ഈ ഉത്തരവിൽ നിന്ന് വ്യക്തം.