ഡല്‍ഹി സാകേത് കോടതിയിലെ വെടിവയ്പിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബാര്‍ കൗണ്‍സില്‍ ഡീബാര്‍ ചെയ്ത അഭിഭാഷകനാണ് വെടിയുതിര്‍ത്തത്. ലക്ഷ്യമിട്ട സ്ത്രീയ്ക്കെതിരെ അഭിഭാഷകന് മൂന്നു തവണ വെടിയുതിര്‍ക്കുന്നത് ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. ഡല്‍ഹിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ലഫ്. ഗവര്‍ണര്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
രണ്ടു തവണ വെടിയുതിര്‍ത്തതിനു പിന്നാലെ സ്ത്രീ പടികള്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും, അക്രമി പിന്നാലെയെത്തി മൂന്നാം തവണയും വെടിയുതിര്‍ത്തു. തുടര്‍ന്ന് നിലവിളിച്ചുകൊണ്ട് സ്ത്രീ കോടതി വളപ്പില്‍നിന്ന് ഓടുകയായിരുന്നു. നിരവധി ആളുകള്‍ നോക്കിനില്‍ക്കുന്നുണ്ടെങ്കിലും ആരും അഭിഭാഷകനെ തടയാന്‍ ശ്രമിക്കുന്നില്ലെന്ന് വിഡിയോയില്‍ വ്യക്തം. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ വിചാരണയ്ക്കായി കോടതിയിലെത്തിയ സ്ത്രീക്കാണ് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ എയിംസിലേക്ക് മാറ്റിയിട്ടുണ്ട്. വെടിവയ്പ്പിനെ തുടര്‍ന്ന് കോടതിയിലും പരിസരത്തും സുരക്ഷ ശക്തമാക്കി.