മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും പണം നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും പണം നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആഹ്വാനം ചെയ്തെന്ന തരത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തുന്നതിനെതിരെ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.

നാട് ഒറ്റക്കെട്ടായി ഒരു ദുരന്തത്തെ നേരിടുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ വേര്‍തിരിവ് ഉണ്ടാക്കുകയെന്ന ഗൂഡലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജപ്രചരണങ്ങള്‍ നടത്തുന്നത്. പ്രതിപക്ഷ നേതാവിന്റെ പേരില്‍ വ്യാജ വാര്‍ത്ത സൃഷ്ടിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ അടിയന്തിരമായി നിയമ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

ഉരുൾപൊട്ടൽ ബാധിച്ചത് വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെ

ഉരുൾപൊട്ടൽ ഉണ്ടായശേഷം മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവർത്തനങ്ങളിൽ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച വയനാട്ടിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗം വിലയിരുത്തി. മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിൽ ഇനി ആരും ജീവനോടെ കുടുങ്ങികിടക്കാനുള്ള സാദ്ധ്യതയില്ലെന്ന് കേരള-കർണാടക സബ് ഏരിയ ജനറൽ ഓഫീസർ കമാന്റിംഗ് (ജിഒസി) മേജർ ജനറൽ വി ടി മാത്യു യോഗത്തെ അറിയിച്ചു. ആർമിയുടെ 500 പേർ മുണ്ടക്കൈ, ചൂരൽമല മേഖലയിൽ തെരച്ചിലിനായി ഉണ്ട്. ഇനി ആരെയും രക്ഷപ്പെടുത്താൻ ഇല്ലെന്നാണ് കരുതുന്നത്. ഒറ്റപ്പെട്ട ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *