തിരഞ്ഞെടുപ്പ് പാളിച്ചകൾ എണ്ണിപ്പറഞ്ഞ് എം.എ. ബേബി; സിപിഎം നേതൃത്വത്തിന് പരോക്ഷ വിമർശനം

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടിനെതിരെയും തിരഞ്ഞെടുപ്പിലെ പാളിച്ചകൾക്കെതിരെയും വിമർശനവുമായി എം.എ. ബേബി രംഗത്ത്. തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വത്തിൽ എം.വി. ഗോവിന്ദൻ ഔചിത്യം പാലിക്കണമായിരുന്നുവെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി പരോക്ഷമായി കുറ്റപ്പെടുത്തി. മലപ്പുറം അരീക്കോട് നടന്ന ‘ഇഎംഎസിന്റെ ലോകം’ എന്ന ദേശീയ സെമിനാറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു നേതാവുമായി ബന്ധപ്പെട്ടയാളെ സ്ഥാനാർത്ഥിയാക്കുന്നത് പാർട്ടിയെ കടന്നാക്രമിക്കാൻ എതിരാളികൾക്ക് അവസരം നൽകുമെന്ന് തോന്നുകയാണെങ്കിൽ, അത്തരം സന്ദർഭങ്ങളിൽ സ്ഥാനാർത്ഥിത്വം ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണമെന്ന് എം.എ. ബേബി വ്യക്തമാക്കി. താനുമായി ബന്ധപ്പെട്ട ഒരാൾക്ക് പകരം മറ്റൊരാൾ മതി എന്ന് തീരുമാനിക്കാൻ നേതാവ് തന്നെ മുൻകൈ എടുക്കുന്നതാണ് ശരിയായ രീതി. കണ്ണൂരിലുണ്ടായ സ്ഥാനാർത്ഥിത്വത്തിൽ വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ലെന്ന് ജില്ലാ കമ്മിറ്റി സമ്മതിക്കുകയും സംസ്ഥാന കമ്മിറ്റി അത് അംഗീകരിക്കുകയും ചെയ്തതാണ്. വിവാദങ്ങൾ മുൻകൂട്ടി കണ്ട് പാലിക്കേണ്ട ജാഗ്രതയും ശ്രദ്ധയും നേതാക്കൾക്കുണ്ടാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു

ഇതിനിടെ, പി. രാജീവും തിരഞ്ഞെടുപ്പിലെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് രംഗത്തെത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുദ്രാവാക്യങ്ങൾ പാളിയെന്നും വെള്ളാപ്പള്ളി നടേശന്റെ വിഷയത്തിൽ കൈക്കൊണ്ട നിലപാട് തെറ്റായിപ്പോയെന്നും അദ്ദേഹം തുറന്നടിച്ചു. ‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’ എന്ന മുദ്രാവാക്യം ജനങ്ങളിൽ വേണ്ടത്ര ഫലിച്ചില്ലെന്ന് അദ്ദേഹം വിലയിരുത്തി. ശബരിമലയിലെ സ്വർണക്കൊള്ള കേസിലെ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചെന്നും മലപ്പുറത്ത് നടന്ന സെമിനാറിൽ പി. രാജീവ് വ്യക്തമാക്കി.