മാസപ്പടി കേസിൽ പിണറായി വിജയന് വൻ തിരിച്ചടി; അപ്പീൽ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് വൻ തിരിച്ചടി. പിണറായി വിജയനടക്കമുള്ളവരുടെ അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളി. വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീൽ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും അത് നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം.
കേസിൽ സർക്കാരും ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് കോടതിയിൽ സ്വീകരിച്ചിരുന്നത്. എന്നാൽ അപ്പീലിന് അനുമതി നൽകരുതെന്ന ശക്തമായ നിലപാടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ചത്. ഇഡിയുടെ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് കോടതി ഹർജികൾ തള്ളിയത്. ഈ വിധിയിലൂടെ മാസപ്പടി കേസിൽ പിണറായി വിജയനെ പിന്തുണച്ച സംസ്ഥാന സർക്കാരിനും കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്.