തിരുവനന്തപുരം വിമാനത്താവളത്തിന് വൻ മാറ്റം! 2,500 കോടിയുടെ വികസനം; യാത്രക്കാരുടെ ശേഷി 1.15 കോടിയാകും

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനും യാത്രാസൗകര്യങ്ങൾ ആധുനികമാക്കാനും വൻ വികസനപദ്ധതി. അദാനി എയർപോർട്ട്സിന് കീഴിൽ നടപ്പാക്കുന്ന ‘പ്രോജക്ട് അനന്ത’യുടെ ഭാഗമായി 2,500 കോടി രൂപ ചെലവിൽ രാജ്യാന്തര ടെർമിനൽ വികസിപ്പിക്കുന്ന പദ്ധതിക്ക് ഒക്ടോബർ 15ന് തറക്കല്ലിടും. ഏകദേശം 92,552 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നടപ്പാക്കുന്ന വികസനം പൂർത്തിയാകുന്നതോടെ രാജ്യാന്തര യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള വാർഷിക ശേഷി നിലവിലെ 35 ലക്ഷത്തിൽനിന്ന് 1.15 കോടിയായി ഉയരും.
പുതിയ പദ്ധതിയിൽ ആധുനിക ചെക്ക്-ഇൻ സൗകര്യങ്ങൾ, വിപുലീകരിച്ച ഇമിഗ്രേഷൻ കൗണ്ടറുകൾ, പുതിയ ബാഗേജ് സംവിധാനങ്ങൾ, കൂടുതൽ റീട്ടെയിൽ, ഡ്യൂട്ടി ഫ്രീ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിമാനത്താവളത്തിലെ പ്രതിദിന വിമാന സർവീസുകൾ 45ൽനിന്ന് 90 ആയി ഉയർന്നു. പ്രതിദിന യാത്രക്കാരുടെ എണ്ണം ഏകദേശം 5,500ൽനിന്ന് 15,000 ആയി വർധിക്കുകയും പ്രവർത്തിക്കുന്ന വിമാനക്കമ്പനികളുടെ എണ്ണം 11ൽനിന്ന് 17 ആകുകയും ചെയ്തു. 2025–26 സാമ്പത്തിക വർഷത്തിൽ 47 ലക്ഷം യാത്രക്കാരെയും 31,366 വിമാന നീക്കങ്ങളെയും വിമാനത്താവളം കൈകാര്യം ചെയ്തു. നിലവിൽ 14 രാജ്യാന്തര, എട്ട് ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് നേരിട്ടുള്ള വിമാനബന്ധവുമുണ്ട്.
യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി ഡിജി യാത്ര, ഇ-ഗേറ്റുകൾ, ഫാസ്റ്റ്-ട്രാക്ക് ഇമിഗ്രേഷൻ, മെച്ചപ്പെടുത്തിയ ചെക്ക്-ഇൻ സൗകര്യങ്ങൾ, ഉഡാൻ കഫെ തുടങ്ങിയ സംവിധാനങ്ങളും നടപ്പാക്കിയിട്ടുണ്ട്. യാത്രക്കാർക്കുള്ള സേവന മികവിന് രാജ്യാന്തര അംഗീകാരങ്ങളും വിമാനത്താവളത്തിന് ലഭിച്ചിട്ടുണ്ട്. നൂതന ക്രാഷ് ഫയർ ടെൻഡറുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ അടിയന്തര പ്രതികരണശേഷിയും വർധിപ്പിച്ചു. മാലിന്യസംസ്കരണത്തിലും പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിലും നേട്ടം കൈവരിച്ച വിമാനത്താവളം, മാലിന്യം മണ്ണിൽ നിക്ഷേപിക്കാത്തതിനുള്ള ‘സീറോ വേസ്റ്റ് ടു ലാൻഡ്ഫിൽ’ സർട്ടിഫിക്കേഷൻ നേടിയ ഇന്ത്യയിലെ ആദ്യ വിമാനത്താവളമാണ്.
ഏകദേശം 8,700 കോടി രൂപയുടെ മൊത്തം നിക്ഷേപം ലക്ഷ്യമിടുന്ന ‘പ്രോജക്ട് അനന്ത’യുടെ പ്രധാന ഘട്ടങ്ങളിലൊന്നാണ് രാജ്യാന്തര ടെർമിനൽ വികസനം. യാത്രക്കാരുടെ ശേഷി വർധിപ്പിക്കുന്നതിനൊപ്പം വിമാനത്താവളത്തിലെ അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ ആധുനികമാക്കുകയും ഭാവിയിലെ വളർച്ചയ്ക്കായി സജ്ജമാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. തറക്കല്ലിടൽ ചടങ്ങോടെ വികസനത്തിന് തുടക്കമാകുമ്പോൾ, തിരുവനന്തപുരം വിമാനത്താവളത്തിന്റെ യാത്രാസൗകര്യങ്ങളിലും പ്രവർത്തനശേഷിയിലും വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.