മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു, പുഴകളിൽ ജലനിരപ്പ് ഉയരും

തിരുവവന്തപുരം: സംസ്ഥാനത്ത് റെഡ് അലർട്ടും അതിതീവ്ര മഴ മുന്നറിയിപ്പും തുടരുന്നതിനിടെ ഇടുക്കി മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായാണ് ആറ് ഷട്ടറുകളിൽ അഞ്ചെണ്ണം തുറന്നത്. ഇതോടെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരും. വാർത്ത പുറത്തുവന്നതിന് പിന്നാലെ ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. അതേസമയം മഴക്കെടുതിക്കുള്ള സാധ്യത മുൻനിർത്തി പല ജില്ലകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം വിലക്കി. തിരുവനന്തപുരം പൊന്മുടി ഇക്കോടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചു.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ കാസർകോട്, ബീച്ചുകളിലും റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഐഎഎസ് അറിയിച്ചു. ഇടുക്കി രാമക്കൽമേട്ടിൽ ശക്തമായ മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി തലകീഴായി മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറത്ത് തീരപ്രദേശങ്ങളിൽ 3.1 മുതൽ 4.2 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കു സാധ്യതയുള്ളതിനാൽ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം വിലക്കി.

തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കോഴിക്കോട് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജലാശയങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ജില്ലയിലെ നദീതീരങ്ങൾ, ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം താൽക്കാലികമായി വിലക്കി. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

Leave a Reply

Your email address will not be published. Required fields are marked *