കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുളള നൃത്തോത്സവത്തില്‍ നര്‍ത്തകി മന്‍സിയക്ക് വിലക്ക്; കാരണം അഹിന്ദു

കോഴിക്കോട്: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുളള നൃത്തോത്സവത്തില്‍ നിന്നും നര്‍ത്തകി മന്‍സിയ.വി.പിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു.
ഏപ്രില്‍ 21ന് നടക്കേണ്ട പരിപാടിയില്‍ നിന്നാണ് അഹിന്ദു എന്ന കാരണം ചൂണ്ടിക്കാട്ടി മന്‍സിയയെ മാറ്റി നിര്‍ത്തിയിരിക്കുന്നത്. മന്‍സിയ തന്നെയാണ് ഇക്കാര്യം തന്നെ ക്ഷേത്ര ഭാരവാഹികളില്‍ ഒരാള്‍ അറിയിച്ചതായി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
പിന്നാലെ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ അടക്കമുളളവര്‍ മന്‍സിയ വിപിക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആധുനിക കേരളത്തിന് അപമാനകരമാണ് എന്ന് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.
മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എയുടെ കുറിപ്പ്:
” മതവും ജാതിയും നമ്മുടെ നാട്ടില്‍ കലയെക്കാള്‍ മുകളിലാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതാണ് മന്‍സിയുടെ പരിപാടിക്ക് വിലക്കേര്‍പ്പെടുത്തിയത്. തുടക്കം മുതല്‍ ഇതിനേക്കാള്‍ വിലക്കുകളും മാറ്റിനിര്‍ത്തലുകളും വെല്ലുവിളികളും അതിജീവിച്ചാണ് മന്‍സിയ എന്ന നര്‍ത്തകി ഉദയം ചെയ്തത്. അതിനാല്‍ മന്‍സിക്ക് ഇതൊന്നുമാകില്ല എന്നറിയാം. പക്ഷെ, ഇങ്ങനെ ഒരു മികച്ച കലാകാരിയെ മാറ്റി നിര്‍ത്തുന്നതിലൂടെ നമ്മള്‍ നൂറ്റാണ്ടുകള്‍ പിറകിലേക്കാണ് നടക്കുന്നത് എന്ന് ചരിത്രം അടയാളപ്പെടുത്തും.
ഇത്തരം സംഭവങ്ങള്‍ ആധുനിക കേരളത്തിന് അപമാനകരമാണ്. എത്ര വിലക്കുകള്‍ കൊണ്ട് മറക്കാന്‍ ശ്രമിച്ചാലും അതിനെയെല്ലാം നിഷ്പ്രഭമാക്കി സമയമാകുമ്‌ബോള്‍ യഥാര്‍ത്ഥ സൂര്യന്‍ ഉദിച്ചുയരുകതന്നെ ചെയ്യും. കലാപ്രതിഭകളെ ജാതിമതത്തിനതീതമായി ആദരിക്കുന്ന കാലം വരും. പ്രതിബന്ധങ്ങളെ അതിജീവിച്ചു സധൈര്യം മുന്നോട്ടു നീങ്ങുന്ന നര്‍ത്തകിയും പ്രിയസുഹൃത്തുമായ മന്‍സിയക്ക് അഭിവാദ്യങ്ങള്‍….”