മിഥുന്റെ മരണം: മാനേജ്‌മെന്റിനെയും കെഎസ്ഇബിയെയും പൊലീസ് പ്രതി ചേര്‍ക്കും

കൊല്ലം: കൊല്ലം തേവലക്കരയിലെ മിഥുന്റെ മരണത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെയും കെഎസ്ഇബിയെയും പൊലീസ് പ്രതി ചേര്‍ക്കും. സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കെതിരെയും കേസെടുക്കും. അന്വേഷണത്തിന് ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 6 അംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. ശാസ്താംകോട്ട സിഐ ആയിരിക്കും അന്വേഷണ ഉദ്യോഗസ്ഥന്‍.

വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസുകാരനായ മിഥുന്‍ മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് രണ്ട് ദിവസത്തിനകം മാനേജ്‌മെന്റ് മറുപടി നല്‍കും. കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറാണ് വീഴ്ചകള്‍ ഉണ്ടാകാനിടയായ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയത്. കാരണം കാണിക്കല്‍ നോട്ടീസിന്റെ പശ്ചാത്തലത്തില്‍ മാനേജ്‌മെന്റ് കമ്മിറ്റി ഉടന്‍ യോഗം ചേരും. സിപിഎം ലോക്കല്‍ സെക്രട്ടറിമാര്‍ അടക്കം ഉള്‍പ്പെടുന്നതാണ് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി. അപകടമുണ്ടാക്കിയ വൈദ്യുതി ലൈനുകള്‍ ഇന്നലെ രാത്രി കെഎസ്ഇബി നീക്കം ചെയ്തിരുന്നു. മിഥുന്റെ മരണത്തില്‍ പൊലീസ് അന്വേഷണവും തുടരുകയാണ്. അസ്വാഭാവിക മരണത്തിനാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തിട്ടുള്ളത്