ഹൈക്കമാന്റ് തീരുമാനം കാത്ത് നില്‍ക്കില്ല
തിരുവനന്തപുരം: കെപിസിസി ആക്ടിങ് പ്രസിഡന്റായ എംഎം ഹസന്റെ കസേര നാളെ തെറിക്കും. എഐസിസി തീരുമാനത്തിന് കാത്ത് നില്‍ക്കാതെ നാളെ കെ സുധാകരന് ഇന്ദിരാഭവനിലെത്തി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും. കെ സുധാകരന് കണ്ണൂരില്‍ സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്നാണ് യുഡിഎഫ് കണ്‍വീനര്‍ കൂടിയായ എംഎം ഹസനെ കെപിസിസി ആക്ടിങ് പ്രസിഡന്റായി നിയമിക്കുകയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഹൈക്കമാന്റ് നിര്‍ദ്ദേശം വന്നില്ലെന്ന് കാട്ടി പ്രസിഡന്റ് കസേര വിട്ട് നല്കാന് ഹസന് തയ്യാറായില്ല. ഇക്കഴിഞ്ഞ 4ന് കെപിസിസിയില്‍ ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തില്‍ കെ സുധാകരന് പങ്കെടുത്തെങ്കിലും ഹൈക്കമാന്റ് അറിയിപ്പ് ലഭിച്ചില്ലെന്ന് കാട്ടി സുധാകരനോട് നേതാക്കള്‍ കാത്തിരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇത് സുധാകരനെ അതൃപ്തനാക്കിയെങ്കിലും പരസ്യമായി പ്രതികരിക്കാതെ അദ്ദേഹം കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു.
എന്നാല്‍ ഇനി ഹൈക്കമാന്റ് നിര്‍ദ്ദേശത്തിന് കാത്തിരിക്കതെ തന്നെ നാളെ ചാര്‍ജ്ജ് എടുക്കാനാണ് സുധാകരന്റെ തീരുമാനം. ഇതിന് ഐ ഗ്രൂപ്പിന്റെ പിന്തുണ ഉണ്ടോയെന്നതും സംശയമാണ്. കാരണം പ്രതിപക്ഷ നേതാവ് വി ഡി സതീഷനും സുധാകരനും തമ്മില്‍ അകള്ച്ചയിലാണ്. സതീഷനാണ് തനിക്ക് ഹൈക്കമാന്റ് നിര്‍ദ്ദേശം വൈകിപ്പിക്കുന്നതെന്നും സുധാകന് സംശയമുണ്ട്. ഇതിനെ തുടര്‍ന്നാണ് ഒരു നിര്‍ദ്ദേശത്തിനും കാക്കാതെ നാളെ ചാര്‍ജെടുക്കാന്‍ തീരുമാനിച്ചത്.
കണ്ണൂര്‍ ലോക്സഭയില്‍ സുധാകരന് മത്സരിച്ചതോടെയാണ് ചുമതല ഒഴിഞ്ഞ് താല്കാലിക കെപിസിസി അധ്യക്ഷനായി എംഎം ഹസനെ നിയോഗിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞതോടെ വീണ്ടും കെപിസിസി അധ്യക്ഷനാകാന്‍ സുധാകരന് സന്നദ്ധനായെങ്കിലും ശനിയാഴ്ച ചേര്‍ന്ന കെപിസിസി നേതൃയോഗത്തില്‍ തീരുമാനമുണ്ടായില്ല. ഇത് സംബന്ധിച്ച് ഹൈക്കമാന്റിന്റെ നിര്‍ദ്ദേശം വന്നില്ലെന്നാണ് നേതൃത്വം സുധാകരനെ അറിയിച്ചത്. എന്നാല്‍ കെ സുധാകരന് പ്രസിഡന്റ് സ്ഥാനം തിരികെ നല്കുന്നതില് കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മൗനം പാലിച്ചുംവെന്നും ആരോപണമുണ്ട്.
എന്നാല്‍ ഉടന്‍ അധികാരമാറ്റം വേണമോ എന്നതാണ് ഹസന് ഉയര്‍ത്തുന്ന ചോദ്യം. കണ്ണൂരില്‍ നിന്നും സുധാകരന് ജയിച്ച് ലോക്സഭയിലേക്ക് പോയാല്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് പ്രതിസന്ധിയാകുമെന്നാണ് ഹസന് പറയുന്നത്. സുധാകരന്റെ ആരോഗ്യം അടക്കം ചര്‍ച്ചയാക്കിയാണ് ഇത്. കോണ്‍ഗ്രസില്‍ എ ഗ്രൂപ്പിന് അര്‍ഹമായ പ്രാതിനിധ്യം ഇല്ലെന്ന ചര്‍ച്ചയും ഹസന് സജീവമാക്കുന്നുണ്ട്. എ ഗ്രൂപ്പിന് കടുത്ത അവഗണന നേരിടുന്നു. എന്നാല്‍ മറ്റു പല ഗ്രൂപ്പിലുള്ളവര്‍ക്കും ഇരട്ട പദവിയും. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഹസന്റെ നിലപാട്. സുധാകരന് എംപിയായി ജയിച്ചാല്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കട്ടേ. അതുവരെ താന്‍ കസേരയില്‍ തുടരാം എന്നാണ് ഹസന്റെ പക്ഷം.
കെപിസിസി അധ്യക്ഷനായി തുടരാന്‍ അനുവദിക്കുമെന്ന ഉറപ്പ് വാങ്ങിയാണ് സുധാകരന് കണ്ണൂരില്‍ മത്സരത്തിനും ഇറങ്ങിയത്. അതുകൊണ്ട് തന്നെ ജയിച്ചാലും സുധാകരനെ മാറ്റിയാല്‍ അത് വലിയ പൊട്ടിത്തെറിയായി മാറും.
പഴയ ഐ ഗ്രൂപ്പ് ഇപ്പോള്‍ പല വിഭാഗങ്ങളാണ്. എന്നാല്‍ ഇവര്‍ക്കാണ് ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ മുന്‍തൂക്കം. വിഡി സതീശന് പ്രതിപക്ഷ നേതാവ്. സുധാകരന് കെപിസിസി അധ്യക്ഷന്‍. രമേശ് ചെന്നിത്തലയ്ക്കും ദേശീയ അംഗീകാരമുണ്ട്. എന്നാല്‍ എ ഗ്രൂപ്പിന് അര്ഹമായതൊന്നുമില്ല. ഈ ലോക്സഭാ തിരഞ്ഞെടുപ്പിലും തെളിയുക എ ഗ്രൂപ്പിന്റെ കരുത്താകും. അതുകൊണ്ട് തന്നെ കെപിസിസി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിന് വേണമെന്ന ആവശ്യം സജീവമാണ്