ശബരിമല: സന്നിധാനത്തു നിന്നും ഭക്തർ വാങ്ങിയ ഉണ്ണിയപ്പ പ്രസാദത്തിൽ പൂപ്പലെന്ന പരാതിയിൽ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ശബരിമല സ്പെഷ്യൽ കമ്മിഷണറോട് റിപ്പോർട്ട് തേടി. കഴിഞ്ഞ ദിവസം കൊച്ചി കടുങ്ങല്ലൂർ സ്വദേശികളായ 12അംഗ സംഘം വാങ്ങിയ ഉണ്ണിയപ്പത്തിലാണ് പൂപ്പൽ കണ്ടെത്തിയത്. വീട്ടിലെത്തി തുറന്നപ്പോഴാണ് സംഭവമറിഞ്ഞത്. പഴകിയ ഉണ്ണിയപ്പമാണ് എല്ലാവർക്കും ലഭിച്ചതെന്നാണ് പരാതി.
സന്നിധാനത്ത് നിർമ്മിക്കുന്ന അപ്പം, അരവണ പ്രസാദങ്ങൾ നിത്യവും ലാബിൽ പരിശോധിച്ച് അവയുടെ ഗുണനിലവാരവും ജലാംശത്തിന്റെ തോതും റിപ്പോർട്ട് ആക്കി സൂക്ഷിക്കാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം നിർമ്മിച്ച ഉണ്ണിയപ്പത്തിൽ 12.6 ശതമാനം ജലാംശം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉണ്ണിയപ്പ പ്രസാദത്തിൽ 10 ശതമാനത്തിൽ കൂടുതൽ ജലാംശം ഉണ്ടാകരുതെന്നാണ് നിഷ്ക്കർഷിക്കുന്നത്. ജലാംശം കൂടിയതായിരിക്കാം ഉണ്ണിയപ്പത്തിൽ പൂപ്പൽ ബാധ ഉണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വർഷം ആവശ്യത്തിന് നിർമ്മിക്കാത്തതിനെ തുടർന്ന് അപ്പം, അരവണ പ്രസാദ വിതരണം പലപ്പോഴും മുടങ്ങിയിരുന്നു. ഇക്കാരണത്താൽ തീർത്ഥാടനത്തിന് മുൻപുതന്നെ 40ലക്ഷം ടിൻ അരവണയും ആനുപാതികമായി അപ്പവും കരുതൽ ശേഖരമായി നിർമ്മിച്ചിരുന്നു.