തിരുവനന്തപുരം: എംആർ അജിത് കുമാറിനെ പൊലീസിന്റെ സെൻട്രൽ സ്‌പോർട്‌സ് ഓഫീസർ ചുമതലയിൽ നിന്ന് മാറ്റി. പകരം എസ് ശ്രീജിത്തിന് ചുമതല നൽകി. പൊലീസിൽ ബോഡി ബിൽഡിംഗ് താരങ്ങളുടെ പിൻവാതിൽ നിയമനം വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ തന്നെ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് അജിത് കുമാർ കത്ത് നൽകുകയായിരുന്നു.
സെൻട്രൽ സ്‌പോർട്ട്‌സ് ഓഫീസറാണ് സ്‌പോർട്ട്‌സ് ക്വാട്ടയിലെ നിയമനങ്ങളുടെ ഫയൽ നീക്കം നടത്തേണ്ടത്. നേരത്തേ രണ്ട് ബോഡി ബിൽഡർ താരങ്ങളെ പൊലീസ് ഇൻസ്‌പെക്‌ടർ റാങ്കിൽ നിയമിക്കാൻ തീരുമാനമുണ്ടായിരുന്നു. ഇതിൽ ആഭ്യന്തര വകുപ്പ് ഡിജിപിക്ക് കത്ത് അയയ്‌ക്കുകയും ചെയ്‌തു. കത്തിൽ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് നിയമനം നടത്തണമെന്ന നിർദേശം നൽകുകയും ചെയ്‌തിരുന്നു.എന്നാൽ, സർക്കാർ തീരുമാനിച്ച പല കായിക താരങ്ങളെയും ഒഴിവാക്കിക്കൊണ്ടാണ് ബോഡി ബിൽഡിംഗ് താരങ്ങളെ നിയമിക്കുന്നത് എന്ന രീതിയിലുള്ള വാർത്തകൾ വന്നത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് എംആർ അജിത് കുമാറിനെ മാറ്റിയത്.