കട ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകന്‍ പ്രസാദിന്റെ കുടുംബത്തിന് ആശ്വാസമായി മുംബൈ മലയാളി

ആലപ്പുഴ: കട ബാധ്യതയെ തുടര്‍ന്ന് ആലപ്പുഴയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ പ്രസാദിന്റെ കുടുംബത്തിന് ആശ്വാസമായി മുംബൈ മലയാളി. കര്‍ഷകന്റെ കുടുംബത്തിന് ലോണ്‍ കുടിശ്ശികയായി പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷനില്‍ തിരികെ അടയ്ക്കേണ്ടുന്ന 17,600 രൂപ മുംബൈ മലയാളി നല്‍കി.അഞ്ച് ദിവസത്തിനുള്ളില്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ വീടും സ്ഥലവും ജപ്തി ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ പ്രസാദിന്റെ ഭാര്യ ഓമനയ്ക്ക് ജപ്തി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് മുംബൈ മലയാളിയുടെ സഹായം എത്തിയത്.
പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ബിജെപി നേതാവ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി കരുതിയാല്‍ മതിയെന്ന് പറഞ്ഞായിരുന്നു അദ്ദേഹം പണം കൈമാറിയത്.പ്രസാദിന്റെ ഭാര്യ ഓമനയുടെ പേരിലാണ് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്.പ്രതിസന്ധി ഘട്ടത്തില്‍ സഹായഹസ്തവുമായി എത്തിയ ഓമന നന്ദി പറഞ്ഞു. 2022 ഓഗസ്റ്റില്‍ ഓമന കോര്‍പ്പറേഷനില്‍ നിന്നും സ്വയം തൊഴിലിനായി 60,000 രൂപ വായ്പയെടുത്തിരുന്നു. എന്നാല്‍ 11,000 രൂപ മാത്രമാണ് തിരികെ അടച്ചത്. ബാക്കി തുക അടയ്ക്കാന്‍ കഴിയാത്തതിനാല്‍ കുടിശ്ശിക ആയി. ഇതേ തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ ജപ്തി നോട്ടീസ് അയച്ചത്.
നവംബര്‍ 14 ന് കോര്‍പ്പറേഷനിറക്കിയ നോട്ടീസ് കുടുംബത്തിന് ലഭിക്കുന്നത് രണ്ട് ദിവസം മുന്‍പാണ്. 2022 ആഗസ്റ്റ് 27 നാണ് 60,000 രൂപ സ്വയം തൊഴില്‍ വായ്പയായി ഇവര്‍ ലോണ്‍ എടുത്തത്. 15,000 രൂപയോളം ഇതിനകം തിരിച്ചടച്ചു.11 മാസമായി തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്.കഴിഞ്ഞ വര്‍ഷം നവംബറിലാണ് തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയിലെ പ്രസാദ് സര്‍ക്കാരിനെതിരെ ആരോപണമുന്നയിച്ച് കുറിപ്പെഴുതിയ ശേഷം വിഷം കഴിച്ചത്. നെല്ല് സംഭരിച്ചതിന്റെ വിലയായി കിട്ടിയ പിആര്‍എസ് വായ്പയുടെ സര്‍ക്കാര്‍ പണം തിരിച്ചടയ്ക്കാത്തതിനാല്‍ മറ്റ് വായ്പകള്‍ കിട്ടിയില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുമ്പായിരുന്നു പ്രസാദം പാടത്ത് വിത്തിറക്കിയത്. വളത്തിനും പറിച്ചുനടിലിനുമായി ബാങ്കില്‍ വായ്പക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സിബില്‍ സ്‌കോര്‍ കുറവാണെന്ന് പറഞ്ഞ് ബാങ്ക് അധികൃതര്‍ വായ്പ നിഷേധിച്ചു എന്നായിരുന്നു.അതേസമയം, സംഭവം വിവാദമായതോടെ മന്ത്രി കെ രാധാകൃഷ്ണന്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. കോര്‍പ്പറേഷന്‍ വായ്പയില്‍ പരമാവധി ഇളവുകള്‍ നല്‍കി തീര്‍പ്പാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കുടുംബത്തിന്റെ സാഹചര്യങ്ങള്‍ മനസിലാക്കാതെ ഉദ്യോഗസ്ഥര്‍ നോട്ടീസയച്ചതില്‍ കോര്‍പറേഷന്‍ എംഡിയോട് മന്ത്രി അടിയന്തിര റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.