കൊച്ചി: വഖഫ് ഭേദഗതി ബിൽ രാജ്യസഭയും ലോക്സഭയും പാസാക്കിയതിന് പിന്നാലെ ബിജെപി അംഗത്വം സ്വീകരിച്ച് മുനമ്പം നിവാസികൾ. സമിതി ചെയർമാൻ ജോസഫ് റോക്കി അടക്കമുള്ള അമ്പത് പേരാണ് പാർട്ടി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ചത്. രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കൾ മുനമ്പത്തെ സമരപന്തലിലെത്തിയിരുന്നു. ഈ വേളയിലാണ് മുനമ്പം നിവാസികൾ പാർട്ടി അംഗത്വം സ്വീകരിച്ചത്. ബി ഡി ജെ എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും രാജീവ് ചന്ദ്രശേഖറിനൊപ്പമുണ്ട്.
ഇന്ന് പുലർച്ചെയാണ് രാജ്യസഭയിലും വഖഫ് ഭേദഗതി ബിൽ പാസാക്കിയത്. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ഇത് നിയമമാവും. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ കേന്ദ്ര മന്ത്രി കിരൺ റിജിജുവാണ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. തുടർന്ന് ചർച്ചകൾക്കൊടുവിൽ പുലർച്ചെയോടെ ബിൽ പാസാക്കുകയായിരുന്നു.ഇതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ജയ് വിളിച്ച് മുനമ്പം നിവാസികൾ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. പടക്കം പൊട്ടിക്കുകയും ചെയ്തു. ബിൽ പാസായെങ്കിലും റവന്യു അവകാശം പുഃനസ്ഥാപിച്ച് കിട്ടുന്നതുവരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം.
പുതിയ സംഭവവികാസങ്ങൾ രാഷ്ട്രീയ മാറ്റത്തിന്റെയും തുടക്കമാണെന്നും, ആരാണ് ഒറ്റുകാർ എന്നു ബോദ്ധ്യമായ സാഹചര്യത്തിൽ കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുമെന്നും സമിതി ചെയർമാൻ ജോസഫ് റോക്കി പറഞ്ഞു. മുങ്ങിത്താഴുന്നവരെ താങ്ങിനിറുത്തുന്ന സമീപമാണ് നരേന്ദ്ര മോദി സർക്കാരിന്റേത്. രാജ്യസഭയിലെ അടക്കം കേരളത്തിലെ 28 എം പിമാർ ബില്ലിനെ എതിർത്തപ്പോൾ ബി ജെ പിയിലെ സുരേഷ് ഗോപി മാത്രമാണ് ശക്തമായ നിലപാടെടുത്തത്. കൃത്യമായ തീരുമാനങ്ങൾ ഉണ്ടാകും വരെ സമരം ശക്തമായി തുടരുമെന്ന് സമരസമിതി കൺവീനർ ജോസഫ് ബെന്നി പറഞ്ഞു.