മുസ്ലിം ലീഗ് ചത്തുചീഞ്ഞ കുതിര’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പി. ജയരാജൻ,കുഞ്ഞാലിക്കുട്ടിക്കെതിരെയും പരിഹാസം!

മുസ്ലിംലീഗിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ. മുസ്ലിംലീഗിനെ ചത്ത കുതിരയെന്നാണ് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചതെന്നും ഇന്ന് ലീഗ് ചത്തുചീഞ്ഞ കുതിരയായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു. യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിംലീഗിനെ കോൺഗ്രസ് അവഗണിക്കുകയാണെന്നും വയനാട്ടിൽ കോൺഗ്രസിനുവേണ്ടി പച്ചക്കൊടി താഴ്ത്തിപ്പിടിച്ച ലീഗിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും ജയരാജൻ ആരോപിച്ചു.
ഡൽഹിയിലെ ചലോ ഡൽഹി മാർച്ചിൽ സംസാരിക്കാൻ അവസരം നൽകാതെ കോൺഗ്രസ് പി.കെ. കുഞ്ഞാലിക്കുട്ടിയെ പൂച്ചക്കുട്ടിയാക്കിയെന്നും ഇന്ത്യാ സഖ്യം രാഷ്ട്രപതിയെ കാണാൻ പോയപ്പോൾ ലീഗ് എം.പി. ഇ.ടി. മുഹമ്മദ് ബഷീറിനെ പുറത്തുനിർത്തിയെന്നും അദ്ദേഹം ആരോപിച്ചു. മോക് പാർലമെന്റ് സംഘടിപ്പിച്ചപ്പോഴും മറ്റു വിദ്യാർഥി-യുവജന സംഘടനകൾക്ക് അവസരം നൽകിയിട്ടും യൂത്ത് ലീഗിനെയും എം.എസ്.എഫിനെയും ഒഴിവാക്കിയതായി ജയരാജൻ വിമർശിച്ചു.
രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ ബി.ജെ.പി. സർക്കാർ വേട്ടയാടൽ നടത്തുമ്പോഴും യു.ഡി.എഫ്. മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എൽ.ഡി.എഫിന് തുടർഭരണം നൽകിയ വോട്ടർമാരിൽ ചിലർ യു.ഡി.എഫിന്റെ കുപ്രചാരണങ്ങളിൽ വീണുപോയിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പൊതുജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ ഇടതുപക്ഷം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.