തിരുവനന്തപുരം:കിഫ്ബി റോഡുകളിലെ ടോൾ വിഷയം എൽ.ഡി.എഫിൽ ചർച്ച ചെയ്തിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചർച്ച ചെയ്തിരുന്നുവെന്ന എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണന്റെ പ്രസ്താവനയെ ഗോവിന്ദൻ തള്ളി. ടോളിനോട് പൊതുവേ യോജിപ്പില്ല. ടോളിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി വഴി 90,000 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. കടം വീട്ടിത്തീർക്കാൻ കൃത്യമായ പദ്ധതികൾ വേണ്ടിവരും. ധാരണയും വിശദമായ ചർച്ചയും രണ്ടാണ്.
എലപ്പുള്ളിയിലെ നിർദിഷ്ട മദ്യനിർമ്മാണശാലയുമായി സർക്കാർ മുന്നോട്ടുപോകും. ആ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. നിറുത്തിവയ്‌ക്കേണ്ട കാര്യമില്ല.ആ വിഷയത്തിൽ ചർച്ച നടത്തി മുന്നോട്ടു പോകും. ഒയാസിസ് കമ്പനി നൽകിയ ഭൂമി തരംമാറ്റൽ അനുമതി റവന്യൂ വകുപ്പ് നിഷേധിച്ചത് സി.പി.ഐയുടെ ഇടപെടലായി കാണുന്നില്ല. ചെറിയ സ്ഥലത്തെപ്പറ്റിയാണ് പ്രശ്നം. അത് നാലേക്കറിൽ അധികം വരില്ല. അതൊക്കെ ഇടതുസർക്കാരിന് ചർച്ച ചെയ്ത് തീരുമാനിക്കാവുന്നതാണ്. റവന്യൂ ഉദ്യോഗസ്ഥരെടുത്ത നിലപാട് സി.പി.ഐയുടെ എതിർപ്പായി കാണേണ്ടതില്ല. ആർ.ജെ.ഡിയും ആരും പറയുന്നതുമ. ല്ല സർക്കാർ തീരുമാനമെടുത്തു. .ബ്രൂവറിക്ക് തടസ്സമായ എന്തെങ്കിലും ഘടകങ്ങൾ ഉണ്ടെങ്കിൽ അത് ചർച്ച ചെയ്ത് ആവശ്യമായ തീരുമാനമെടുക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.